Mon. Dec 23rd, 2024
അർജന്റീന:

മുപ്പതുകാരിയിൽ ചികിത്സ കൂടാതെ എച്ച്‌ ഐ വി ലക്ഷണങ്ങൾ അപ്രത്യക്ഷമായി. അർജന്റീനയിലെ എസ്‌പെരാൻസ നഗരത്തിലാണ്‌ അപൂർവ്വങ്ങളിൽ അപൂർവമായ സംഭവം. ഇതോടെ, എയ്ഡ്‌സ് ഭേദമാകുമെന്ന പ്രതീക്ഷയാണ്‌ മെഡിക്കൽ രംഗം പങ്കുവെക്കുന്നത്.

2013ലായിരുന്നു സ്ത്രീയില്‍ എച്ച്‌ ഐ വി വൈറസിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്‌. ആന്റി റെട്രോവൈറൽ മരുന്നുകൾ ഒന്നും ഇവര്‍ ഉപയോഗിച്ചിട്ടില്ല. രോഗിയുടെ രക്തത്തിലും ശരീരകലകളിലുമുള്ള കോശങ്ങളിൽ പരിശോധനയും പഠനവും നടത്തിയെന്നും വൈറസ് പൂർണമായി ഒഴിവായെന്നുമാണ് ഗവേഷകരുടെ വിശദീകരണം. പഠനം ‘അനൽസ് ഓഫ് ഇന്റേണൽ മെഡിസിൻ’ എന്ന ശാസ്ത്രജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എച്ച് ഐ വി ബാധിക്കുമ്പോൾ, വൈറസ് അതിന്റെ ജനിതകഘടനയുടെ പകർപ്പുകൾ കോശങ്ങളിലെ ഡി എൻ എയിലോ മറ്റു ജനിതകവസ്തുക്കളിലോ സൂക്ഷിക്കും. ആന്റി റെട്രോവൈറൽ ചികിത്സയിലൂടെ വൈറസുകളുടെ പെരുക്കം തടയാമെങ്കിലും വൈറൽ റിസർവോയർ എന്നറിയപ്പെടുന്ന ഈ സംഭരണികൾ നിലനിൽക്കും.

എസ്പെരാൻസയിലെ രോഗിക്ക് ഈ വൈറൽ സംഭരണിയെ സ്വന്തം പ്രതിരോധശേഷി ഉപയോഗിച്ചു നശിപ്പിക്കാൻ കഴിഞ്ഞെന്നാണ് പഠനം തെളിയിക്കുന്നത്. ‘സ്റ്റെർലൈസിങ് ക്യൂർ’ എന്നു വൈദ്യശാസ്ത്രം വിളിക്കുന്ന ഈ സൗഖ്യം നേടാൻ കഴിഞ്ഞ വർഷം യു എസിലെ സാൻഫ്രാൻസിസ്കോയിലുള്ള ഒരു രോഗിക്കും സാധിച്ചിരുന്നു.