ഫറോക്ക്:
കാലപ്പഴക്കത്താൽ ബലക്ഷയം നേരിട്ട അരീക്കാട്ടെ കോർപറേഷൻ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിൽ അപകടം പതിയിരിക്കുന്നു. മേൽക്കൂരയിലും ചുമരിലും വിള്ളൽ വീണ കെട്ടിടത്തിന്റെ കോൺക്രീറ്റ് അടർന്നു വീഴുക പതിവായി. തലനാരിഴയ്ക്കാണ് വ്യാപാരികൾ അപകടത്തിൽ നിന്നു രക്ഷപ്പെടുന്നത്.
22 കടമുറികൾക്കു പുറമേ നല്ലളം പോസ്റ്റ് ഓഫിസ്, ഫറോക്ക് എക്സൈസ് റേഞ്ച് ഓഫിസ്, കോർപറേഷൻ വായനശാല, റേഷൻ കട, ട്യൂഷൻ സെന്റർ, നീതി മെഡിക്കൽ സ്റ്റോർ എന്നിവ പ്രവർത്തിക്കുന്ന ഇരുനില കെട്ടിടം തകർച്ചയുടെ വക്കിലാണ്.വാണിജ്യ സമുച്ചയത്തിന്റെ തൂണിലും ബീമിലും പലയിടത്തും വിള്ളൽ വീണു. സൺഷേഡ് പൊട്ടിപ്പൊളിഞ്ഞു ഇരുമ്പു കമ്പികൾ പുറത്തായിട്ടുണ്ട്. വയറിങ് ആകെ തകരാറിലാണ്.
അധികൃതരെ കാത്തിരുന്നാൽ ജീവൻ അപായത്തിലാകുമെന്നു കണ്ടു വ്യാപാരികൾ പണമെടുത്താണു പലപ്പോഴും അറ്റകുറ്റപ്പണി നടത്തുന്നത്. വാടക കൂട്ടാൻ ഉത്സാഹം കാണിക്കുന്ന അധികൃതർ കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ ഇടപെടുന്നില്ലെന്നു വ്യാപാരികൾ ആരോപിച്ചു.1982ൽ സംസ്ഥാന ഗ്രാമ വികസന ബോർഡിന്റെ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്.
വേണ്ടത്ര ഗുണമേന്മ ഉറപ്പാക്കാതെ നിർമിച്ച കെട്ടിടത്തിനു 4 വർഷം പിന്നിട്ടപ്പോൾ തന്നെ ചോർച്ച തുടങ്ങിയിരുന്നു. അക്കാലത്തു തന്നെ വ്യാപാരികൾ വിഷയം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും പരിഹാര നടപടി വൈകി.ഏതാനും വർഷം മുൻപ് കോർപറേഷൻ ലക്ഷങ്ങൾ മുടക്കി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ഹാൾ നിർമിച്ചെങ്കിലും ഉപയോഗ യോഗ്യമാക്കിയില്ല.
ഇതിനാൽ മേൽക്കൂരയിലെ ഷീറ്റും തറയോടുകളും ശുചിമുറിയുമെല്ലാം നശിച്ചു. സുരക്ഷ ഉറപ്പാക്കാതെ മുകൾ നിലയിൽ ഹാൾ പണിതതു വ്യാപാരികളിൽ കൂടുതൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. 39 വർഷം പഴക്കമുള്ള വ്യാപാര സമുച്ചയം അറ്റകുറ്റപ്പണി നടത്തുന്നതിനു പകരം പൊളിച്ചു പുതിയ കെട്ടിടം പണിയണമെന്നു ആവശ്യം ഉയർന്നു.