Fri. Nov 22nd, 2024
നിലമ്പൂർ:

അസൗകര്യങ്ങളിൽ നിലമ്പൂർ കോളേജ്, പഠിക്കാനാകുന്നില്ലെന്നു വിദ്യാർത്ഥികൾ. പൂക്കോട്ടുംപാടം നഗരത്തിൽ വാണിജ്യ കെട്ടിടത്തിന്‌ മുകളിലെ ക്ലാസ് മുറികളിൽ പഠനം അസാധ്യമെന്നു വിദ്യാർത്ഥികൾ. അടിയന്തരമായി ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു പ്രവർത്തകർ നിലമ്പൂര്‍ എം എൽ എ ഓഫീസിലേക്ക് മാർച്ച് നടത്തി . 10 കിലോമീറ്ററോളം നടന്നായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം .

2017 മുതൽ പൂക്കോട്ടുംപാടം നഗരത്തിലെ ഈ കെട്ടിടത്തിന് മുകളിലെ പരിമിത സാഹചര്യങ്ങളിലാണ് നിലമ്പൂർ ഗവണ്മെന്‍റ് കോളേജ് പ്രവർത്തനം , ബിരുദ ബാച്ചുകളും , ഒരു പിജി ബാച്ചുമുൾപ്പെടെ 350 ഓളം വിദ്യാർത്ഥികളാണ് കോളേജില്‍ പഠിക്കുന്നത് . ക്ലാസ് മുറിയിൽ ഫാനിട്ടാൽ പിന്നെ ഇരിക്കാൻ പറ്റില്ല , കോൺക്രീറ്റ് പൊടി കാരണം വിദ്യാർത്ഥികൾക്ക് അലർജി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പതിവാണ് .

ഭൂരിപക്ഷവും പെൺകുട്ടികൾ പഠിക്കുന്ന കോളേജിലെ ശുചിമുറികളുടെ അവസ്ഥയും പരിതാപകരമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു . സാങ്കേതിക കാരണങ്ങളിലാണ് സ്വന്തം കെട്ടിടമെന്ന കാലങ്ങളായുള്ള ആവശ്യം വൈകുന്നതെന്നാണ് കോളേജ് പ്രിൻസിപ്പൽ പറയുന്നത് , നാട്ടുകാരും ജനപ്രതിനിധികളും ഉൾപ്പെടെ കോളജിനായുള്ള കർമ സമിതിയുടെ പ്രവർത്തനവും കോളേജ് കെട്ടിടം ഇനിയും യാഥാർത്ഥ്യമാക്കിയില്ല . നിരവധി തവണ പരാതിപ്പെട്ടിട്ടും പ്രതിഷേധങ്ങളുയർന്നിട്ടും നടപടിയില്ലാതായതോടെയാണ് കോളേജിൽ നിന്നും നിലമ്പൂർ എം എൽ എ ഓഫീസിലേക്ക് നടന്നുള്ള വിദ്യാർത്ഥികളുടെ പ്രതിഷേധം .