Mon. Dec 23rd, 2024
ചെറുവത്തൂർ:

ചെറുവത്തൂർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ കരയിടിച്ചിൽ രൂക്ഷമായതിനെ തുടർന്ന് കരഭിത്തി വേണമെന്ന ആവശ്യം ശക്തമായി. പുഴയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് എല്ലാ വർഷവും ഉപ്പുവെള്ളം കയറ്റവും കരയിടിച്ചിലും നേരിടുന്നത്. കരയിടിച്ചിലിന്റെ ഭാഗമായി കൃഷി നശിക്കുന്നു. റോഡ് പൊട്ടിപ്പൊളിയുകയാണ്‌.

വഞ്ഞങ്ങാട്, കാടങ്കോട് പൂരക്കടവ്, കിഴക്കേമുറി, കുറിവയൽ തുടങ്ങിയ സ്ഥലങ്ങളാണ് ഭീഷണി നേരിടുന്നത്. ഇവിടങ്ങളിൽ കരഭിത്തി ഉണ്ടെങ്കിലും കാലപ്പഴക്കം കാരണം നശിച്ചു പോയി. മഴപെയ്ത് പുഴയിൽ വെള്ളം നിറയുന്നതോടെ പുഴ കവിഞ്ഞ് വീടുകളിലേക്കും മറ്റും വെള്ളം കയറുന്നത് പതിവാണ്.

ഒക്‌ടോബറായാൽ ഉപ്പുവെള്ളം കയറുന്നതും പതിവ് കാഴ്ചയാണ്. കൊയാമ്പുറം പാടശേഖരത്തിൽ ഉപ്പുവെള്ളം കയറ്റം കാരണം കൃഷി ചെയ്യാൻ പറ്റുന്നില്ല. വെള്ളം കയറാതിരിക്കാൽ ഉയരത്തിൽ ഭിത്തി കെട്ടി ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വഞ്ഞങ്ങമാട് പ്രദേശത്ത് കൾവർട്ട്‌ തടയണയും നിർമിച്ചാൽ ദുരിതത്തിന് പരിഹാരമാകും. കുടിക്കാനുള്ള ശുദ്ധജലം പോലും മലിനമാവുകയാണ്. പുഴയുടെ ഓരത്തുകൂടി കടന്നു പോകുന്ന റോഡും കരയിടിച്ചൽ കാരണം പൊട്ടിപ്പൊളിഞ്ഞു. ഇതെല്ലാം പരിഹരിക്കാൻ ആവശ്യമായ ഉയരത്തിൽ കരഭിത്തി കെട്ടി സംരക്ഷിച്ചേ പറ്റൂ.