Wed. Jan 22nd, 2025
ന്യൂഡൽഹി:

ന്യൂസിലൻഡിനെതിരെ സ്വന്തം നാട്ടിൽ നടക്കുന്ന ടെസ്റ്റ്​ പരമ്പരയിൽ നിന്നൊഴിവാക്കി മധ്യനിര ബാറ്റ്​സ്​മാൻ ഹനുമ വിഹാരിയെ ഇന്ത്യ ‘എ’ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലേക്കയച്ച സെലക്​ടർമാരുടെ നടപടിയെ ചോദ്യം ചെയ്​ത്​ അജയ്​ ജദേജ. വ്യാഴാഴ്ച മുതൽ കാൺപൂരിൽ വെച്ചാണ് ഇന്ത്യ-ന്യൂസിലൻഡ്​ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം​ ആരംഭിക്കുന്നത്​. ‘വിഹാരി, പാവം. അവൻ നന്നായി കളിച്ചു. കുറച്ചുകാലമായി ഇന്ത്യൻ ടീമിലുണ്ട്, നന്നായി ചെയ്തു. അവൻ എന്ത് തെറ്റാണ് ചെയ്തത്? എന്തിന് ഇന്ത്യ ‘എ’ ടീമിനൊപ്പം പര്യടനത്തിന് പോകണം.

എന്തുകൊണ്ടാണ് അദ്ദേഹത്തിന് നാട്ടിൽ ഒരു ടെസ്റ്റ് മത്സരം കളിക്കാൻ കഴിയാത്തത്? അല്ലെങ്കിൽ അവനെയും പര്യടനത്തിന്​ അയക്കരുത്. ടീമിനൊപ്പമുണ്ടായിരുന്ന ഒരാൾ ഇപ്പോൾ ഇന്ത്യ ‘എ’ ടീമിനൊപ്പം പോകുന്നു, പുതിയ ഒരാൾ വരുന്നു. അത് ആളുകളെ കുഴപ്പിക്കുന്നതാണ്’ -ഇന്ത്യയുടെ മുൻ ബാറ്റ്​സ്​മാൻ പറഞ്ഞു.

പ്രിയങ്ക്​ പഞ്ചാലിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യ എ ടീം നവംബർ 23നും ഡിസംബർ ഒമ്പതിനു​മിടയിലാണ്​ ബ്ലോംഫോണ്ടെയ്​നിൽ മൂന്ന്​ ചതുർദിന മത്സരങ്ങൾ കളിക്കുന്നത്​. ഇതിന്​ ശേഷം മൂന്ന്​ മത്സരങ്ങളടങ്ങിയ ടെസ്റ്റ്​ പരമ്പരക്കായി വിരാട്​ കോഹ്​ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ദക്ഷിണാ​ഫ്രിക്ക സന്ദർശിക്കും​. ആസ്​ട്രേലിയക്കെതിരെ ഐതിഹാസിക സമനില സ്വന്തമാക്കിയ സിഡ്​നി ടെസ്റ്റിലാണ്​ വിഹാരി അവസാനം ഇന്ത്യൻ കുപ്പായമണിഞ്ഞത്​.

അന്ന്​ പരിക്കിനോട്​ മല്ലിട്ട്​ 161പന്തിൽ 23 റൺസ്​ നേടിയ വിഹാരി ഇന്ത്യക്കായി മികച്ചുനിന്നു. ഗാബയിൽ നടന്ന നാലാം ടെസ്റ്റിൽ വിഹാരിക്ക്​ ഇറങ്ങാനായില്ല. ഗാബയിൽ വിജയിച്ച അജിൻക്യ രഹാനെയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ചരിത്രം തിരുത്തിയാണ്​ ഡൗൺ അണ്ടറിൽ നിന്ന്​ മടങ്ങിയത്​. ഇംഗ്ലണ്ട്​ പര്യടനത്തിൽ ടീമിന്‍റെ ഭാഗമായിരുന്നെങ്കിലും കളത്തിലിറങ്ങാൻ അവസരം ലഭിച്ചില്ല.