Sat. Nov 23rd, 2024

മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര തൂത്തുവാരിയിട്ടും പാകിസ്താന് ട്രോഫി കൊടുക്കാതെ ബംഗ്ലാദേശ്. കഴിഞ്ഞ ദിവസം സമാപിച്ച ടി20 പരമ്പരയിലാണ് ബംഗ്ലാദേശ് ട്രോഫി നൽകാതിരുന്നത്. പരമ്പര ജേതാക്കള്‍ക്കുള്ള ബോർഡിന് മുന്നിൽ നിന്ന് സെൽഫി എടുത്താണ് പാകിസ്താൻ ടീം പിരിഞ്ഞത്. എന്നാൽ ടെസ്റ്റ് പരമ്പര കൂടി കഴിഞ്ഞിട്ടെ ട്രോഫി നൽകൂവെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കുന്നത്.

ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ചെയർമാന്റെ അസാന്നിധ്യം കാരണമാണ് ടി20 പരമ്പരയ്ക്കുള്ള ട്രോഫി നൽകാത്തതെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് വക്താവ് വ്യക്തമാക്കുന്നത്. ഏതായാലും ട്രോഫി ലഭിക്കാത്തതിൽ പാകിസ്താൻ ടീമും അമ്പരപ്പിലാണ്. സാധാരണ കൊടുക്കാൻ ഉദ്ദേശിച്ചിരുന്നയാൾക്ക് വരാനായില്ലെങ്കിൽ മറ്റൊരാൾക്ക് ചുമതല കൊടുക്കാറുണ്ട്.

പരമ്പരക്ക് ശേഷം ട്രോഫി നൽകാത്ത സംഭവങ്ങൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ അപൂർവാമണെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും അടങ്ങിയതാണ് പാകിസ്താന്റെ ബംഗ്ലാദേശ് പരമ്പര. ഇതിൽ ടി20 പരമ്പര പാകിസ്താൻ തൂത്തുവാരി. മൂന്ന് മത്സരങ്ങളും ധാക്കയിലാണ് നടന്നത്.

രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര ഈ മാസം 30ന് ആരംഭിക്കും. അതേസമയം ഈ പരമ്പരയിൽ ബംഗ്ലാദേശ് ബാറ്റസ്മാൻ അഫീഫ് ഹുസൈനെ എറിഞ്ഞു വീഴ്ത്തിയ പാക് ബൗളർ ഷഹീൻ അഫ്രീദിക്ക് ഐസിസി പിഴ ചുമത്തി. മാച്ച് ഫീയുടെ 15 ശതമാനം പിഴയായി നൽകണം. സംഭവത്തിൽ അന്വേഷണം നടത്തിയ ഐസിസി അഫ്രീദിയുടെ പെരുമാറ്റം മോശമായിരുന്നുവെന്ന് കണ്ടെത്തുകയും താരത്തിന് താക്കീതും നൽകിയിട്ടുണ്ട്.

ബംഗ്ലാദേശിനെതിരായ രണ്ടാം ടി20 മത്സരത്തിനിടെയായിരുന്നു പാക് ബൗളറുടെ മോശം പെരുമാറ്റം. സിക്‌സർ പറത്തിയതിനു ശേഷമുള്ള അടുത്ത പന്ത് പ്രതിരോധിച്ച് ക്രീസിൽ നിൽക്കവെയാണ് അനാവശ്യമായി അഫീഫിനെ അഫ്രീദി എറിഞ്ഞു വീഴ്ത്തിയത്. സിംഗിളിന് പോലും ശ്രമിക്കാതിരുന്ന ബാറ്റർക്ക് നേരെ അഫ്രീദി ദേഷ്യത്തോടെ പന്തെറിയുകയായിരുന്നുവെന്ന് വീഡിയോയിൽ വ്യക്തമാണ്. പന്ത് തട്ടി അഫീഫ് വീഴുകയും ചെയ്തു.