Mon. Dec 23rd, 2024
ഇടുക്കി:

ഇടുക്കി ഡാമില്‍ ചെറുതോണി ഷട്ടറിന് അടുത്തേയ്ക്ക് ശനിയാഴ്ച രാത്രി ഒഴുകിയെത്തിയത് കൂറ്റന്‍ മരം. ദ്രുതഗതിയിൽ ഇടപെട്ട് ഷട്ടർ അടച്ചതിനാലാണ് വലിയ അപകടം ഒഴിവാക്കാനായത് . ശനിയാഴ്ച രാത്രി ഒമ്പതരക്ക് അണക്കെട്ടിന്റെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരില്‍ ഒരാള്‍ വെള്ളത്തിലൂടെ എന്തോ ഒഴുകിവരുന്നത് കണ്ടു.

ആന നീന്തുകയാണെന്നാണ് ആദ്യം കരുതിയത്. വീണ്ടും പരിശോധിച്ചപ്പോള്‍ കണ്ടത് തുറന്നുവെച്ച ഷട്ടറിനടുത്തേയ്ക്ക് അടുത്തുകൊണ്ടിരിക്കുന്ന കൂറ്റന്‍ മരം. ആ സമയം 80 സെ മീ ഉയർത്തിവെച്ചിരുന്ന ഷട്ടറില്‍ മരം കുരുങ്ങിയിരുന്നെങ്കില്‍ ഷട്ടർ നാല് മീറ്ററോളം വീണ്ടും ഉയർത്തേണ്ടിവരുമായിരുന്നു.

മാത്രമല്ല, മരം നീക്കണമെങ്കില്‍ 2373 അടിയിലേക്ക് ജലനിരപ്പ് താഴ്ത്തേണ്ടിയും വരും. അത് വലിയ പ്രളയത്തിലേക്കാണ് വഴിവെക്കുക. എന്നാല്‍ കൃത്യമസയത്തെ ഇടപെടല്‍ വലിയ ദുരന്തത്തില്‍ നിന്ന് നാടിനെ രക്ഷിച്ചു.

മരം ശ്രദ്ധയില്‍ പെട്ട് അര മണിക്കൂറിനകം ഷട്ടർ അടയ്ക്കുകയായിരുന്നു. എട്ടടിയിലധികം നീളമുള്ള മരമായിരുന്നു ഒഴുകിയെത്തിയത്. വേരിന് മാത്രം ഒന്നര മീറ്റർ നീളം. കൃത്യമായ ഇടപെടലിലൂടെ കെഎസ്ഇബിയും വലിയ നഷ്ടത്തില്‍ നിന്നാണ് രക്ഷപ്പെട്ടത്. പിന്നീട് അർധരാത്രിയോടെ മരം നീക്കം ചെയ്തു.