Sat. Nov 23rd, 2024
കോവളം:

മീൻപിടിത്ത തൊഴിലാളികൾക്കായി സർക്കാർ നടപ്പാക്കിയ കൃത്രിമ പാര് പദ്ധതിയും കടലേറ്റം ചെറുക്കാനായി സജ്ജമാക്കിയ ടെട്രാപോഡുകളും വൻവിജയം. തുറമുഖ, ഫിഷറീസ് വകുപ്പുകളാണ് ഇവയ്ക്ക് പിന്നിൽ. കടലേറ്റം ഇനി വിഴിഞ്ഞം വാർഫിനെ ബാധിക്കില്ല.

എട്ട് ടൺ ഭാരമുള്ള 2,500ൽ അധികം ടെട്രാപോഡുകളുടെ വൻനിരയാണ് വിഴിഞ്ഞം വാർഫിന് കവചമൊരുക്കുന്നത്. മാരിടൈം ബോർഡിന്റെ ആവശ്യപ്രകാരം തുറമുഖ എൻജിനിയറിങ് വകുപ്പാണ് ഇവ നിർമിച്ചത്. ലീവേർഡ് വാർഫിലെ മീൻപിടിത്ത തുറമുഖത്തിന്റെ പുലിമുട്ടിനെ (ബ്രെയ്ക്ക് വാട്ടർ) ബലപ്പെടുത്താൻ ടെട്രാപോഡുകൾക്ക് കഴിയും. നേരത്തേ സീവേർഡ് വാർഫിലും ഇവ അടുക്കിയിരുന്നു.

വിഴിഞ്ഞം മാരിടൈം ബോർഡിന്റെ വളപ്പിലാണ് ഇവ നിർമിക്കുന്നത്. നാല് തൂണിനെ ഒറ്റ ഫ്രെയിമിൽ ചേർക്കുന്ന തരത്തിലാണ് നിർമിതി. ഇവ വലിയ തിരമാലയുടെ ശക്തി കുറയ്ക്കും.

മത്സ്യത്തൊഴിലാളികൾക്ക് പുതുജീവനേകിയ പദ്ധതിയാണ് കൃത്രിമ പാരിന്റേത്. മീൻസമ്പത്ത് വർദ്ധിപ്പിക്കുന്നതിനാണ് ‌തീരക്കടൽ വിട്ട് മീൻകൂട് (കൃത്രിമ പാര്) പദ്ധതി നടപ്പാക്കിയത്. ഇത് വലിയ വിജയമായിരുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് തീരക്കടലിൽനിന്നുതന്നെ കൂടുതൽ മീൻ പിടിക്കാൻ ഇതുവഴി സാധിക്കുന്നു.

കൃത്രിമ പാര് ഇട്ടതിനാൽ തീരക്കടലിൽ വലയിടുമ്പോൾതന്നെ കണവ, കൊഴിയാള, പോള, വേളാപ്പാര അടക്കമുള്ളവ ധാരാളമായി കിട്ടുന്നതായും ഇവർ പറയുന്നു. കോവിഡ് കാലത്ത് ഉൾപ്പെടെ ഈ പദ്ധതി ആശ്വാസമായി. പൊഴിയൂർമുതൽ പുതുക്കുറിച്ചിവരെ എട്ട് മത്സ്യബന്ധന ഗ്രാമത്തോടു ചേർന്ന തീരക്കടലിൽ വീണ്ടും പാര് നിക്ഷേപിക്കും. ഇതിനായി പാര് നിർമാണം ആരംഭിച്ചു.

സസ്യ-ജന്തു പ്ലവകങ്ങളും വർധിച്ചതോടെ ധാരാളം ചെറുമീനുകൾ പാരിൽ തങ്ങുന്നുണ്ട്. ഈ ഭാ​ഗം മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ നൂതന കാമറകൾ ഉപയോഗിച്ച് പകർത്തി ഡിജിറ്റൽ രൂപത്തിലാക്കി സൂക്ഷിച്ചിട്ടുണ്ട്. ആമാടപ്പെട്ടികളുടെ രൂപത്തിലാണ് പാരുകൾ. സൂര്യപ്രകാശം കടക്കുന്നതിനും മീനുകൾ തടസ്സമില്ലാതെ ഉള്ളിലേക്കു കയറുന്നതിനും കഴിയും. ഇടത്തരം മീനുകൾക്ക് വലിയ മീനുകളുടെ കണ്ണിൽപ്പെടാതെ തങ്ങുന്നതിനും സാധിക്കുന്നവിധത്തിലാണ് പാരുകളുടെ നിർമാണം.