ന്യൂഡൽഹി:
ഉപഭോക്താക്കളിൽനിന്ന് അനാവശ്യമായി പിരിച്ചെടുത്ത 164 കോടി രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഇപ്പോഴും കൈവശംവെച്ചിരിക്കുന്നതായി റിപ്പോർട്ട്. 2017–2019 കാലയളവിൽ പ്രധാൻമന്ത്രി ജൻധൻ യോജന അക്കൗണ്ടുകളിലെ ഡെബിറ്റ് ഇടപാടുകളിലാണ് ബാങ്കിെൻറ പിടിച്ചുപറി നടന്നത്. ആദ്യത്തെ നാല് ഇടപാടുകൾക്ക് ശേഷമുള്ള ഓരോ ഇടപാടിനും 17.70 രൂപ ഈടാക്കിയതുവഴി 254 കോടി രൂപയാണ് ബാങ്ക് അനധികൃതമായി സമ്പാദിച്ചത്.
ഈ അക്കൗണ്ടുകളിൽനിന്ന് മാസം നാല് പ്രാവശ്യത്തിൽ കൂടുതൽ പണം പിൻവലിക്കാൻ റിസർവ് ബാങ്ക് അനുമതിയുള്ളപ്പോഴാണ് ബാങ്ക് സ്വന്തം നിലക്ക് ഉപഭോക്താക്കളെ പിഴിഞ്ഞത്. ഇതേ തുടർന്ന് കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് ഇടപെട്ട് അധികം ഈടാക്കിയ തുക തിരിച്ചുകൊടുക്കാൻ ബാങ്കിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ 90 കോടി മാത്രമേ തിരിച്ചുനൽകിയിട്ടുള്ളൂവെന്നും ബാക്കി 164 കോടി അനുമതിയില്ലാതെ കൈവശം വെച്ചിരിക്കുകയാണെന്നും ഐ ഐ ടി മുംബൈ സ്റ്റാറ്റിസ്റ്റിക്സ് പ്രഫസർ ആശിഷ് ദാസ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.