വടകര:
അറവുമാലിന്യം തള്ളുന്ന ക്വട്ടേഷൻ സംഘം പിടിയിൽ. വടകര താഴെ അങ്ങാടി സ്വദേശികളായ നൗഫല്‍, ഷമീര്‍ എന്നിവരെയാണ് നഗരസഭ ആരോഗ്യ വിഭാഗം പൊലീസിൻറെ സഹായത്തോടെ മാലിന്യം തള്ളുന്നതിനിടെ പിടികൂടിയത്. ചാക്കിലാക്കിയ മാലിന്യം സ്കൂട്ടറിലെത്തി വടകര ലിങ്ക് റോഡില്‍ തള്ളുകയായിരുന്നു.
ഇത് മുനിസിപ്പല്‍ ഹെല്‍ത്ത് വിഭാഗത്തിൻറെ ശ്രദ്ധയിൽപെട്ടതോടെയാണ് ഇവർ വലയിലായത്. വില്യാപ്പള്ളി ചെക്കോട്ടി ബസാറിലെ തിരുവള്ളൂര്‍ സ്വദേശി കള്ളാര്കണ്ടി അബ്ദുല്ലയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന വല്യാണ്ടി ബീഫ് സ്റ്റാളില്‍ നിന്നുള്ള അറവുമാലിന്യമാണ് തള്ളാൻ ക്വട്ടേഷനെടു ത്തതെന്ന് ഇവർ പൊലീസിനു മൊഴി നൽകി. മാലിന്യം ബീഫ് സ്റ്റാളിൽ തിരിച്ചെത്തിച്ചു.
വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് കെ കെ ബിജു, ആരോഗ്യ വകുപ്പ് അധികൃതർ എന്നിവർ സ്ഥലത്തെത്തി . പിഴ ചുമത്തുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.എസ്ഐ തങ്കരാജ്, സി പി ഒ അതുല്‍, ഡ്രൈവര്‍ അജിത്, നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേഷ്കുമാര്‍ ഡ്രൈവര്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.