Mon. Dec 23rd, 2024
കൊപ്പം:

പ്രളയത്തെ തുടർന്നു തൂതപ്പുഴയിൽ വൻ മണൽ ശേഖരം എത്തിയതോടെ മണൽക്കടത്തു തകൃതി. വരണ്ടു കിടന്നിരുന്ന പുഴ നിറയെ ഇപ്പോൾ മണലുണ്ട്. മഴ മാറി ഒഴുക്കു കുറഞ്ഞതോടെയാണ് ഇടവേളയ്ക്കു ശേഷം മണലെടുപ്പ് തുടങ്ങിയത്.

കുലുക്കല്ലൂർ, പഞ്ചായത്തിലെ കടവുകൾ മുതൽ പരുതൂരിലെ മംഗലം കടവു വരെ മണൽക്കടത്തു സജീവമാണ്. രാത്രി പുഴയിൽ ഇറങ്ങി മണലെടുത്തു ചാക്കുകളിൽ നിറച്ചു കരയിലോ കുറ്റിക്കാടുകളിലോ വച്ചു രാത്രി തന്നെയാണു കടത്ത്. പൊലീസോ റവന്യു വകുപ്പോ വരുന്നതു നോക്കി കടത്തുകാർക്കു വിവരം നൽകാൻ പ്രധാന കവലകളിൽ കാവൽക്കാരെ ഏർപ്പെടുത്തും.

മണലിന് ആവശ്യക്കാർ ഏറെയാണ്. വിദൂര സ്ഥലങ്ങളിലെ കെട്ടിട നിർമാണം ഏറ്റെടുത്ത കരാറുകാരും വീട് പണിക്കാരും വൻ വില നൽകിയാണ് ഇവിടെ വന്നു മണൽ കൊണ്ടു പോകുന്നത്. തൂതപ്പുഴയിലും ഭാരതപ്പുഴയിലും മണൽക്കടത്തുകാർ സജീവമായതോടെ പൊലീസിനും റവന്യു വകുപ്പും പരിശോധന ശക്തമാക്കി.

കഴിഞ്ഞ ദിവസം തൂതപ്പുഴയുടെ തിരുവേഗപ്പുറ വില്ലേജിൽ പൈലിപ്പുറം കടവിൽ നിന്നു മണൽലോറി പിടിച്ചെടുത്തിരുന്നു. പൈലിപ്പുറം കടവിൽ ചാക്കുകളിലാക്കി വച്ച വൻ മണൽശേഖരവും കണ്ടെടുത്തു. പട്ടാമ്പി താലൂക്ക് തഹസിൽദാർ ടി പി കിഷോർ, വിഒ കെ സി കൃഷ്ണകുമാർ, ക്ലാർക്ക് രോഹിത്, വിഎഫ്എ എസ് സെബാസ്റ്റ്യൻ, ഡ്രൈവർ ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മണൽവേട്ട.