ഫ്രഞ്ച് ഫുട്ബാളിൽ കാണികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ആക്രമണങ്ങളെ തുടർന്ന് വീണ്ടും മത്സരം ഉപേക്ഷിച്ചു. ഞായറാഴ്ച നടന്ന ലിയോണും മാഴ്സെയും തമ്മിലുള്ള ലീഗ് 1 മത്സരമാണ് ഉപേക്ഷിച്ചത്. ഫ്രഞ്ച് താരവും മാഴ്സെ ക്യാപ്റ്റനുമായ ദിമിത്രി പായെറ്റാണ് കുപ്പി കൊണ്ടുള്ള ഏറിൽ പരിക്കേറ്റത്.
കളിയുടെ അഞ്ചാം മിനിറ്റിലാണ് സംഭവം. താരം കോർണർ എടുക്കാൻ ശ്രമിക്കുന്നതിനിടെ തലയിൽ കുപ്പി വന്ന് വീഴുകയായിരുന്നു. ഇതോടെ താരം നിലത്തുവീണു. തുടർന്ന് മെഡിക്കൽ സംഘമെത്തി ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോയി. കൂടാതെ ഇരു ടീമിലെയും കളിക്കാർ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി.
90 മിനിറ്റ് കാത്തുനിന്ന ശേഷം മത്സരം പുനരാരംഭിക്കാൻ തീരുമാനിക്കുകയും ലിയോൺ താരങ്ങൾ ഗ്രൗണ്ടിലിറങ്ങുകയും ചെയ്തു. എന്നാൽ, എതിർ ടീം ഗ്രൗണ്ടിലിറങ്ങാത്തതിനാൽ ഇവർ മടങ്ങി. കളിക്കാരുടെ സുരക്ഷ ഉറപ്പില്ലാത്തതിനാൽ മത്സരം പുനരാരംഭിക്കേണ്ടതില്ലെന്ന് റഫറി തീരുമാനിച്ചതായി സ്റ്റേഡിയം അനൗൺസർ അറിയിച്ചു.
മത്സരം പുനരാരംഭിക്കാനുള്ള തീരുമാനത്തിൽ ഖേദിക്കുന്നതായി ഫ്രഞ്ച് ലീഗ് അധികൃതർ പറഞ്ഞു. എൽ എഫ് പയുടെ അച്ചടക്ക സമിതി തിങ്കളാഴ്ച അടിയന്തര യോഗം ചേരും. സ്‌റ്റേഡിയത്തിലെ സെക്യൂരിറ്റി ക്യാമറകളിൽനിന്ന് തിരിച്ചറിഞ്ഞശേഷം ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
ഫുട്ബാൾ ചരിത്രത്തിലെ കറുത്ത ദിനമാണെന്നാണ് മാഴ്സെ പ്രസിഡന്‍റ് പാബ്ലോ ലോംഗോറിയ വിശേഷിപ്പിച്ചത്. ‘ദിമിത്രിയെ ഇത് മാനസികമായി ബാധിച്ചു. ഇത് അസാധാരണ സംഭവമാണ്. ഏത് തരത്തിലുള്ള അക്രമത്തെയും അപലപിക്കുന്നു. ഇത് എല്ലാവരേയും ബാധിക്കുന്നുണ്ട്. ഫുട്ബാൾ ഇഷ്ടപ്പെടുന്ന ആർക്കും ഈ രാത്രി സന്തോഷിക്കാനാവില്ല. അദ്ദേഹത്തിനേറ്റ ആഘാതം ഗൗരവതരമാണ്’ -അദ്ദേഹം പറഞ്ഞു.
ഈ സീസണിൽ രണ്ടാം തവണയാണ് പായെറ്റിന് നേരെ ആക്രമണമുണ്ടാകുന്നത്. ആഗസ്റ്റിൽ മാഴ്സെയും നീസും തമ്മിലെ മത്സരത്തിനിടെയാണ് ഇതിനു മുമ്പ് പായെറ്റിനെ ലക്ഷ്യമിട്ട് ഗാലറിയിൽനിന്ന് കുപ്പിയേറുണ്ടായത്. അന്ന് പായെറ്റ് കുപ്പിയെടുത്ത് ഗാലറിയിലേക്ക് തിരികെയെറിഞ്ഞതോടെ പ്രകോപിതരായ കാണികൾ ഗ്രൗണ്ടിലിറങ്ങി.
പിന്നീട് മത്സരം ഉപേക്ഷിച്ചതിനെ തുടർന്ന് നീസിന്‍റെ രണ്ടു പോയിന്‍റ് വെട്ടിക്കുറച്ചാണ് ഫ്രഞ്ച് ഫുട്ബാൾ അധികൃതർ പ്രശ്നം പരിഹരിച്ചത്. ഗാലറിയിലേക്ക് കുപ്പി തിരികെയെറിഞ്ഞ് പ്രകോപനം സൃഷ്ടിച്ചതിന് ദിമിത്രി പായെറ്റിന് ഒരു മത്സരത്തിൽനിന്ന് വിലക്കും ഏർപ്പെടുത്തി.