Tue. Nov 5th, 2024
കൊച്ചിയിൽ ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നു

കൊച്ചി: ആഫ്രിക്കൻ ഒച്ചുകളുടെ ഭീഷണിയിൽ എറണാകുളം ജില്ലയിലെ തീരദേശ മേഖല. കൊച്ചി കോർപറേഷന്റെ പടിഞ്ഞാറൻ മേഖലകളായ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, മുണ്ടംവേലി എന്നിവിടങ്ങളിലാണ് മഴക്കാലത്ത് ആഫ്രിക്കൻ ഒച്ചുകൾ ഭീതി പടർത്തുന്നത്. വർഷകാലത്ത് ക്രമാതീതമായി പെരുകുന്ന ഒച്ചുകൾ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശങ്ങളിൽ ദൈനംദിന ജീവിത സാഹചര്യങ്ങളെയടക്കം ബാധിക്കുന്നുണ്ടെന്നാണ് പ്രദേശവാസികളുടെ പരാതി. 

ഉപ്പ് പ്രയോഗത്തിലൂടെ വീടുകളിലെയും വീട്ടുവളപ്പിലേയും ഒച്ചുകളെ  നിയന്ത്രിക്കുന്നുണ്ടെങ്കിലും ആൾപ്പാർപ്പില്ലാത്ത പറമ്പുകളിലും പൊതുസ്ഥലങ്ങളിലും കാണപ്പെടുന്നവയെ ഇല്ലാതാക്കാൻ വേണ്ട പ്രവർത്തനങ്ങൾ അധികാരികൾ ഊർജ്ജിതപ്പെടുത്തണമെന്ന് അവർ ആവശ്യപ്പെടുന്നു.  

പ്രധാനമായും ഈർപ്പവും തണുപ്പും നിലനിൽക്കുന്ന പ്രദേശങ്ങളാണ് ഇവയ്ക്ക് ജീവിക്കുവാൻ അനുകൂലമായ സാഹചര്യം. തീരദേശ പ്രദേശങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന വെള്ളക്കെട്ടും അതിലേക്ക് നയിക്കുന്ന കാലാവസ്ഥ സാഹചര്യങ്ങളും മൂലം രണ്ട് വർഷമായി ഇവ കൊച്ചിയുടെ വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്.  

ലിസാച്ചറ്റിന ഫുലിക എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇവയുടെ ഉറവിടം  കിഴക്കൻ ആഫ്രിക്കയാണ്. ദ്വിലിംഗ ഇനത്തിൽപെട്ട ഇവയ്‌ക്കെല്ലാം പ്രത്യുത്പാദനശേഷിയുണ്ടെന്നത് ഇവയുടെ പെട്ടെന്നുള്ള പെരുപ്പത്തിന് കാരണമാകുന്നു. വരൾച്ചയുടെ കാലത്ത് മൂന്നു വർഷംവരെ പുറംതോടിനുള്ളിൽ സുരക്ഷിതമായി തുടരാനാവുമെന്നതിനാൽ പൂർണമായി ഇവയെ നശിപ്പിക്കുന്നതിലൂടെ മാത്രമേ ശാശ്വതമായി ഈ പ്രശ്നത്തിന് പരിഹാരമുണ്ടാകൂ.

നിലവിൽ കോർപറേഷൻ ഒച്ചുകളെ ഇല്ലായ്മ ചെയ്യാൻ വേണ്ട നടപടികൾ ചെയ്യുന്നുണ്ടെന്നും പൊതുജന പങ്കാളിത്തം കൂടി ഉണ്ടെങ്കിൽ മാത്രമേ അത് പൂർണതയിലെത്തിക്കാനാവൂ എന്നും കൊച്ചി കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ റ്റി കെ അഷ്‌റഫ് പറഞ്ഞു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നത് ജനവാസമേഖലയിൽ ഇവ കടന്നുവരാനുള്ള സാഹചര്യങ്ങൾ കുറയ്ക്കുമെന്നും കാർഷിക സർവകലാശാലയുമായി ബന്ധപ്പെട്ട് നൂതന ശാസ്ത്രീയ മാർഗങ്ങളിലൂടെ പ്രശ്നത്തിന് പരിഹാരം കാണാൻ കോർപറേഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അഷ്‌റഫ് കൂട്ടിച്ചേർത്തു.  

കാർഷിക സർവകലാശാല കൃത്യമായ പഠനങ്ങളിലൂടെ ആഫ്രിക്കൻ ഒച്ചുകളെ ഇല്ലായ്മചെയ്യാൻ കഴിയുന്ന തരത്തിലുള്ള ശാസ്ത്രീയ മാർഗങ്ങൾ  വികസിപ്പിച്ചിട്ടുണ്ടെന്നും കളമശ്ശേരി അടക്കം കേരളത്തിലെ ഒട്ടേറെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അവ വിജയകരമായി പൂർത്തീകരിച്ചിട്ടുണ്ടെന്നും കേരള കാർഷിക സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബെറിൻ പത്രോസ് പറഞ്ഞു. നിലവിൽ ആഫ്രിക്കൻ ഒച്ച് മൂലം കൊച്ചി നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാൻ സർവകലാശാല സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Instagram will load in the frontend.