Mon. Dec 23rd, 2024
കാലിഫോര്‍ണിയ:

പണവുമായി പോയ സുരക്ഷ വാഹനത്തിന്‍റെ ഡോര്‍ തുറന്നു പോയതോടെ ദേശീയപാതയില്‍ പറന്നത് ഡോളര്‍ നോട്ടുകള്‍. പിന്നാലെ വന്ന വാഹനങ്ങളിലുള്ളവര്‍ നോട്ടുകള്‍ പെറുക്കിയെടുക്കാന്‍ വാഹനം നിര്‍ത്തിയിട്ടതോടെയുണ്ടായത് വന്‍ ട്രാഫിക്ക് കുരുക്ക്.

കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഡോളര്‍ നോട്ടുകള്‍ സുരക്ഷാ വാഹനത്തില്‍ നിന്ന് റോഡിലേക്കും പിന്നാലെ വന്ന വാഹനങ്ങളിലേക്കും പതിക്കുകയായിരുന്നു.

സംഭവം സമൂഹമാധ്യമങ്ങള്‍ വൈറലായതോടെ പൊലീസ് സ്ഥലത്തെത്തി കാശുമായി മുങ്ങാന്‍ നോക്കിയവരെ പിടികൂടാനുള്ള ശ്രമമായി. എന്നാല്‍ കിട്ടിയ കാശുമായി സ്ഥലം കാലിയാക്കിയ പലരേയും കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

സുരക്ഷാ വാഹനത്തില്‍ നിന്ന് വീണ പണമെടുത്തവര്‍ തിരികെ നല്‍കിയില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് എത്തിയിട്ടും നോട്ടുകള്‍ പെറുക്കിക്കൂട്ടിക്കൊണ്ടിരുന്ന ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സുരക്ഷാ വാഹനത്തിന്‍റെ ഡോര്‍ തുറന്നുപോയതിന് പിന്നാലെ നോട്ട് സൂക്ഷിച്ചിരുന്ന ബാഗ് റോഡില്‍ വീണ് പൊട്ടുകയായിരുന്നു. എന്നാല്‍ എത്ര രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന കണക്ക് പുറത്തുവന്നിട്ടില്ല.

റോഡിലേക്ക് നോട്ട് കെട്ട് വീണ് ഡോളര്‍ നോട്ടുകള്‍ പറക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.