Mon. Dec 23rd, 2024
ഹവായ്:

വെള്ളത്തില്‍ അതിമാരകമായ ബാക്ടീരിയയുടേയും വിഷപദാര്‍ത്ഥങ്ങളുടേയും സാന്നിധ്യം കണ്ടെത്തുന്നത് ഇപ്പോള്‍ സാധാരണമാണ്. എന്നാല്‍ ഒരു അരുവിയില്‍ ഒഴുകുന്ന ജലത്തില്‍ മദ്യത്തിന്‍റെ സാന്നിധ്യമാണെങ്കിലോ. സമീപത്ത് ബിവെറേജിന്‍റെ വാഹനം ഇടിച്ച് കുപ്പി പൊട്ടി ഒഴുകിയ അരുവിയേക്കുറിച്ചല്ല പറയുന്നത്.

കാലങ്ങളായി ഒഴുകിക്കൊണ്ടിരുന്ന അരുവിയിലെ ജലത്തില്‍ വളരെ ഉയര്‍ന്ന തോതില്‍ ആല്‍ക്കഹോള്‍ സാന്നിധ്യമാണ് കണ്ടെത്തിയത്. ഹവായിലെ വെയ്പോയിലാണ് സംഭവം. ഓയാഹു ദ്വീപിലാണ് ഈ വിചിത്ര സംഭവം ശ്രദ്ധയില്‍പ്പെട്ടത്.

ഇവിടം കാണാനെത്തിയ ഒരു സഞ്ചാരിയാണ് അരുവിയിലെ ജലത്തിനുള്ള വിചിത്രമായ ഗന്ധം ശ്രദ്ധിക്കുന്നത്. മദ്യത്തിന് സമാനമായ ഗന്ധം തിരിച്ചറിഞ്ഞതോടെ സഞ്ചാരി വിവരം സ്ഥലത്തെ പരിസ്ഥിതി പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. അരുവിയിലെ ജലം പരിശോധിച്ചതില്‍ 1.2 ശതമാനം ആല്‍ക്കഹോള്‍ സാന്നിധ്യം ജലത്തില്‍ കണ്ടെത്തി. ആല്‍ക്കഹോളിന് പുറമേ 0.4 ശതമാനം പഞ്ചസാരയും അരുവിയിലെ ജലത്തിലുണ്ടെന്നാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്നത്.

അരുവിയിലേക്ക് ഒഴുകിയെത്തുന്ന ഒരു അഴുക്കുചാലാണ് ജലത്തില്‍ ആല്‍ക്കഹോള്‍ നിറയ്ക്കുന്നതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. സംഭവിക്കുന്നത് ബുദ്ധിമുണ്ടാക്കുന്ന കാര്യമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. പ്രകൃതിയിലെ മനുഷ്യന്‍റെ തെറ്റായ രീതിയിലെ ഇടപെടലുകളെയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പഴിക്കുന്നത്.