Fri. Apr 26th, 2024
കൊല്ലം:

എന്തേലും രോഗം പിടിപെട്ട്‌ വിവിധ ആശുപത്രികൾ കയറിയിറങ്ങൂമ്പോൾ നേരത്തെ കാണിച്ച ആശുപത്രിയിലെ ഡോക്ടറുടെ നിർദേശങ്ങൾ എന്തൊക്കെ എന്ന ചോദ്യം വരാറില്ലേ. പലപ്പോഴും ഇത്‌ രോഗികളുടെ കൈയിൽ ഉണ്ടാകില്ല. ഇതിനൊക്കെ പരിഹാരമായി ഒരാളുടെ ആരോഗ്യ വിവരങ്ങൾ അടങ്ങിയ ഇ ഹെൽത്ത്‌ പദ്ധതി ജില്ലയിൽ വിപുലീകരിക്കുന്നു.

തഴവ പ്രാഥമികാരോഗ്യ കേന്ദ്രം,  ശക്തികുളങ്ങര, എഴുകോൺ, പവിത്രേശ്വരം കുടുംബാരോഗ്യ കേന്ദ്രങ്ങളെകൂടി  പദ്ധതിയിൽ ഉൾപ്പെടുത്തി.  ഇതോടെ ഇ–ഹെൽത്ത് പദ്ധതി നടപ്പാക്കിയ സ്ഥാപനങ്ങളുടെ എണ്ണം ജില്ലയിൽ 16 ആയി.
സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയുടെ ഭാഗമായാണ്‌ ഇ –ഹെൽത്ത്‌ നടപ്പാക്കുന്നത്‌.

വിളക്കുടി, അഴീക്കൽ, ആലപ്പാട്, വെസ്റ്റ് കല്ലട, കരവാളൂർ, പൂയപ്പള്ളി, വള്ളിക്കാവ്, നെടുവത്തൂർ, പെരിനാട് എന്നീ ആരോഗ്യ കേന്ദ്രങ്ങളും ഉടൻ പദ്ധതിയുടെ ഭാ​ഗമാകും. പുതുതായി പദ്ധതിയുടെ ഭാ​ഗമായ 50 സ്ഥാപനങ്ങളെ ഉൾപ്പെടുത്തി സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഞായറാഴ്ച നിർവഹിക്കും. ആരോഗ്യ മന്ത്രി വീണ ജോർജ് അധ്യക്ഷയാകും. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഉദ്ഘാടന പരിപാടി തത്സമയം കാണാനാകും.