Sat. Jan 18th, 2025
ബോവിക്കാനം: ‌

ബാവിക്കര ഗവ എൽപി സ്കൂളിലെ കുട്ടികൾക്ക് കുടിക്കാൻ തുള്ളി വെള്ളമില്ല.തൊട്ടടുത്ത് പുഴയും ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല പദ്ധതിയുമുളള സ്കൂളിലെ കുട്ടികൾക്കാണ് ഈ ദുർഗതി. പ്രശ്ന പരിഹാരത്തിനായി കലക്ടർ ഇടപെട്ടതിൽ പ്രതീക്ഷയർപ്പിച്ചു നിൽക്കുകയാണ് കുട്ടികളും സ്കൂൾ അധികൃതരും.

കാസർകോട് നഗരത്തിലേക്കും സമീപ പഞ്ചായത്തുകളിലേക്കുമുള്ള ജലഅതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനിൽ നിന്നാണ് ഒരു വർഷം മുൻപു വരെ സ്കൂളിലേക്ക് വെള്ളം നൽകിയിരുന്നത്.
ഈ വെള്ളം ഒരു തവണ സംഭരണിയിലും പ്യൂരിഫയറിലും ശുദ്ധീകരിച്ചാണ് സ്കൂൾ ആവശ്യത്തിന് ഉപയോഗിച്ചിരുന്നത്. എന്നാൽ ജലഅതോറിറ്റി പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചതോടെ ഇവിടേക്ക് വെള്ളം നൽകാൻ കഴിയാതായി.

പഞ്ചായത്ത് കുഴൽ കിണർ കുഴിച്ചെങ്കിലും വെള്ളം കിട്ടിയില്ല. വീണ്ടും കുഴൽ കിണർ കുഴിക്കാൻ തീരുമാനിച്ചെങ്കിലും സ്കൂൾ വളപ്പിലൊന്നും വെള്ളമില്ലെന്ന് ഭൂജലവകുപ്പിന്റെ പരിശോധനയിൽ തെളിഞ്ഞു.ഇതാണ് പ്രതിസന്ധിക്കു കാരണം.

സ്കൂളിൽ നിന്നു 200 മീറ്റർ അകലെയുള്ള വീട്ടിൽ നിന്നാണ് ഇപ്പോൾ വെള്ളം എടുക്കുന്നത്.  ജലഅതോറിറ്റിയുടെ നുസ്രത്ത് നഗറിലെ ശുദ്ധീകരണ നിലയത്തിൽ നിന്നു സ്കൂളിലേക്ക് നേരിട്ട് ലൈൻ സ്ഥാപിച്ച് പ്രശ്നം പരിഹരിക്കണമെന്ന ആവശ്യമാണ് രക്ഷിതാക്കൾ ഉന്നയിക്കുന്നത്.