മൂവാറ്റുപുഴ:
പായിപ്ര ത്രിവേണി കല്ലുപാറയ്ക്കു സമീപം അനധികൃതമായി കുന്നിടിച്ച് മണ്ണു കടത്തുന്നതിനെതിരെ പ്രതിഷേധം. അനധികൃത മണ്ണെടുപ്പു മൂലം നൂറുകണക്കിനു പേർ ആശ്രയിക്കുന്ന ത്രിവേണി റോഡും തകർച്ച നേരിടുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് വലിയ കുന്ന് ദിവസങ്ങൾ കൊണ്ട് അപ്രത്യക്ഷമാകുന്ന രീതിയിലാണ് മണ്ണെടുക്കുന്നത്. ഇത് ത്രിവേണി റോഡിലെ ചെളിക്കുളമാക്കി.
ചെളിയിൽ വീണ് ഇരുചക്രവാഹന യാത്രക്കാർക്ക് പരുക്കേറ്റ സംഭവങ്ങളും ഉണ്ടായി. ഇതിനെതിരെ പ്രതികരിച്ചവരെ വീടുകളിൽ എത്തിയും ഫോണിലൂടെയും ഭീഷണിപ്പെടുത്തുന്നതായും പരാതി ഉണ്ട്. നിത്യേന നൂറുകണക്കിനു ലോഡ് മണ്ണാണ് ഇവിടെ നിന്നു കടത്തുന്നത്.
ആവശ്യമായ രേഖകൾ ഇല്ലാതെ മണ്ണു കടത്തുന്നത് പൊലീസിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടും റവന്യു ഉദ്യോഗസ്ഥരാണ് നടപടി സ്വീകരിക്കേണ്ടതെന്ന നിലപാടിലാണ് പൊലീസ്. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ അറിവോടെയാണ് നിയമങ്ങൾ കാറ്റിൽപറത്തി മണ്ണെടുപ്പു നടക്കുന്നത്.