Sat. Nov 23rd, 2024
പാലക്കാട്‌:

വെണ്ണക്കരയിൽ നിർമിച്ച പുതിയ 110 കെവി ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്‌റ്റേഷൻ (ജിഐഎസ്) 22ന്‌ പകൽ 11.30ന്‌  മന്ത്രി കെ കൃഷ്ണൻകുട്ടി  ഉദ്‌ഘാടനം ചെയ്യും. പാലക്കാട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും മണ്ണാർക്കാട്, കല്ലടിക്കോട്, പറളി , മലമ്പുഴ, നെന്മാറ തുടങ്ങിയ ഉൾപ്രദേശങ്ങളിലേക്കും വൈദ്യുതി എത്തിക്കുന്നതിൽ നിർണായക പങ്കാണ് വെണ്ണക്കര സബ്സ്‌റ്റേഷൻ നിർവഹിക്കുന്നത്.
8000 ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ടുവർഷത്തിലാണ് നിർമാണം പൂർത്തിയാക്കി പ്രവർത്തന സജ്ജമാക്കിയത്.

ഏഴ് ഫീഡർ ബേകളും ആറ് ട്രാൻസ്‌ഫോർമർ ബേകളും അടങ്ങുന്ന ജിഐഎസ് സബ് സ്‌റ്റേഷൻ, 110 കെ വി കേബിൾ വഴിയാണ് ടവറുകളിലേക്ക് വൈദ്യുതി എത്തിക്കുന്നത്. രണ്ടു 110/11 കെ വി ട്രാൻസ്‌ഫോർമറുകളും ഒരു 110/33 കെ വി ട്രാൻസ്‌ഫോർമറുമുണ്ട്‌. 

കൂടാതെ പതിനാല് 11 കെ വി ഫീഡറുകളും ഒരു 33 കെ വി ഫീഡറും വഴി പാലക്കാട്ടെ ടൗൺ പരിസരങ്ങളിലേക്ക് വൈദ്യുതി എത്തിക്കാനുള്ള സജ്ജീകരണവുമുണ്ട്. ഒരു ഓപ്പറേറ്റർക്ക് അനായാസം സബ്സ്‌റ്റേഷൻ പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഓട്ടോമേഷൻ സിസ്‌റ്റവും ഈ സബ്സ്‌റ്റേഷന്റെ സവിഷേശതയാണ്. 33.5 കോടി രൂപാ ചെലവിൽ നിർമാണം പൂർത്തിയാക്കിയ സബ് സ്‌റ്റേഷൻ വഴി 3.5 ലക്ഷം ഗാർഹിക, വാണിജ്യ, കാർഷിക, വ്യവസായിക ഉപഭോക്താക്കൾക്ക് പ്രയോജനം ലഭിക്കും.