Tue. Nov 5th, 2024
ഏലപ്പാറ:

മൊബൈൽ ഫോണിലേക്കു ഒരു വിളിപ്പുറത്ത് ഏതു തരം മദ്യവും സുലഭം. ബിവ്റേജസ് ഔട്‌ലെറ്റ് ഇല്ലാത്ത ഏലപ്പാറയിലെ ഈ സംവിധാനം ജനജീവിതത്തിനു ഭീഷണിയാകുന്നു. ജംക്‌ഷനിലും പരിസരങ്ങളിലും സജീവമായി പ്രവർത്തിക്കുന്ന സഞ്ചരിക്കുന്ന മദ്യശാലകൾ ആണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്.

എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥരുടെ കൺമുന്നിൽ നടക്കുന്ന പരസ്യ മദ്യ വിൽപനയ്ക്കും പാതയോരങ്ങളിൽ നടക്കുന്ന മദ്യപാനത്തിനും എതിരെ നടപടിയില്ലെന്ന് ആണ് വനിതാ കൂട്ടായ്മകളുടെ ഉൾപ്പെടെ ഉയർത്തുന്ന പരാതി. പുലർച്ചെ മുതൽ അർധരാത്രി വരെ പ്രവർത്തിക്കുന്ന സ‍ഞ്ചരിക്കുന്ന മദ്യശാലകൾക്ക് എതിരെ നാട്ടുകാർ പലതവണ പരാതി നൽകിയിട്ടും  നടപടിയില്ല. പൊലീസ് ഏലപ്പാറയിൽ പട്രോളിങ്ങിനു എത്തുന്നുണ്ടെങ്കിലും അനധികൃത മദ്യവിൽപന സംബന്ധിച്ചു അറിഞ്ഞ മട്ടു കാണിക്കാറില്ല.

എക്സൈസ് വിഭാഗം ആണെങ്കിൽ പരാതി അറിഞ്ഞിട്ടും ഇവിടേക്കു തിരിഞ്ഞു നോക്കാറില്ല. മൂന്നു ലീറ്റർ മദ്യം കൈവശം വയ്ക്കാൻ കഴിയും എന്ന നിയമത്തിന്റെ പിൻബലത്തിൽ ആണ് വൻ തോതിൽ മദ്യം ശേഖരിച്ച ശേഷം വിൽപന പൊടിപൊടിക്കുന്നത്. ബിവ്റേജസ് ഔട്‌ലെറ്റിനേക്കാൾ 200 മുതൽ 650 രൂപ വരെ അളവ് അനുസരിച്ചു വില വർധന ഈടാക്കിയാണ് വിൽപന.

ഡ്രൈ ഡേയിൽ പോലും ഏതിനവും ഇവിടെ സുലഭം. പക്ഷേ ഡ്രൈ ഡേയിൽ വില വീണ്ടും ഉയരും. ജംക്‌ഷനിൽ ഓട്ടം പോകാതെ കിടക്കുന്ന വാഹനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്നും ആവശ്യമുയർന്നു. ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ ആണ് വനിതാ കൂട്ടായ്മകളുടെ തീരുമാനം.