അടൂര്‍:
മാലിന്യവാഹിനിയായി ഒഴുകിയ പള്ളിക്കലാര്‍ നാലുവര്‍ഷം മുമ്പ് ആയിരങ്ങള്‍ ഒത്തൊരുമിച്ച് വൃത്തിയാക്കിയപ്പോള്‍ പരിസ്ഥിതി സ്നേഹികൾക്ക് ആഹ്ലാദമായിരുന്നു. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ റീസര്‍വേ ഉദ്യോഗസ്ഥര്‍ അളവുകോലുമായി നടന്നപ്പോഴും പ്രതീക്ഷയിലായി. എന്നാൽ, രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും തല്പരകക്ഷികളുടെയും സമ്മര്‍ദഫലമായി കൈയേറ്റങ്ങള്‍ ഒന്നുപോലും ഒഴിപ്പിക്കപ്പെട്ടില്ല.
ചെറുതും വലുതുമായ കൈയേറ്റങ്ങള്‍ മൂലം ആറിൻറെ വിസ്തൃതിയും വെള്ളമൊഴുക്കും തടസ്സപ്പെട്ടതും കാരണമാണ് മുമ്പെങ്ങും ഉണ്ടാകാതിരുന്ന വലിയ വെള്ളപ്പൊക്കം അടൂര്‍ നഗരത്തിലും സമീപപ്രദേശങ്ങളിലും ഉണ്ടായത്. 2017ല്‍ അടൂര്‍ നഗരസഭയുടെയും ഏഴംകുളം, ഏറത്ത്, പള്ളിക്കല്‍, കടമ്പനാട് ഗ്രാമപഞ്ചായത്തുകളുടെയും നേതൃത്വത്തിലാണ് ശുചീകരണം നടന്നത്. പള്ളിക്കലാറിൻറെ ഉത്ഭവസ്ഥലമായ ഏഴംകുളം പുതുമല ഈട്ടിമൂട്ടില്നിന്ന് ആരംഭിച്ച ശുചീകരണം പള്ളിക്കല്‍ പഞ്ചായത്തിലെ ആനയടി ഭാഗംവരെയാണ് നടന്നത്.
ആറിൻറെ ഭാഗമായ അടൂര്‍ വലിയതോട് ശുചീകരിച്ചാണ് തുടക്കം കുറിച്ചത്. മണ്ണുമാന്തിയന്ത്രവും മറ്റ് യന്ത്രസാമഗ്രികളും ശുചീകരണത്തിന് ഉപയോഗിച്ചു. ആദ്യഘട്ടത്തില്‍ത്തന്നെ ആറിൻറെ മുഖച്ഛായ മാറി.
ഇപ്പോൾ പഴയതിനേക്കാള്‍ ഗുരുതരമായ അവസ്ഥയിലാണ് പള്ളിക്കലാര്‍. മാലിന്യം വീണ്ടും ആറിനെ കൈയടക്കി. പള്ളിക്കലാറിൻറെ നവീകരണവുമായി ബന്ധപ്പെട്ട് തോട് കൈയേറ്റം കണ്ടുപിടിക്കാൻ റീസര്‍വേ നടന്നിരുന്നു. ആറ് സര്‍വേയര്‍മാരെയാണ് റവന്യൂവകുപ്പ് നിയോഗിച്ചത്.