Mon. Dec 23rd, 2024
കോഴിക്കോട്‌:

പറമ്പ്‌ കിളയ്‌ക്കലും മണ്ണ്‌ മാറ്റലിനും മാത്രമല്ല ഇനി തൊഴിലുറപ്പിലെ തൊഴിലാളികൾ. ചെറിയ നിർമാണ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വംനൽകുന്ന മേസ്‌തിരിമാരായും ഇനി തൊഴിലാളികളുണ്ടാവും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയിൽ വൈദഗ്ധ്യമേകാനുള്ള ‘മികവ്’ പരിശീലനത്തിന്‌ ജില്ലയിൽ തുടക്കമായി.

കോട്ടൂർ, ചാത്തമംഗലം, പനങ്ങാട്, കാരശേരി പഞ്ചായത്തുകളിലാണ് ആദ്യഘട്ട പരിശീലനം തുടങ്ങിയത്. ഇത് പൂർത്തിയായശേഷം മറ്റിടങ്ങളിലും വ്യാപിപ്പിക്കും. കമ്പോസ്റ്റ് കുഴി, അസോള ടാങ്ക് നിർമാണം, അഴുക്കുചാൽ നിർമാണം എന്നിവയിലാണ്‌ ആദ്യം പരിശീലനം നൽകുന്നത്‌.

50 വയസ്സിൽ താഴെയുള്ള അഞ്ച്‌ മുതൽ 10 വരെ അംഗങ്ങളടങ്ങുന്ന സംഘത്തിന്‌ രണ്ട്‌ ദിവസമാണ്‌ പരിശീലനം. വൈദഗ്‌ധ്യം നേടിയാൽ സർട്ടിഫിക്കറ്റ്‌ നൽകി പഞ്ചായത്തിന്റേതുൾപ്പെടെയുള്ള മറ്റ്‌ തുടർ പ്രവർത്തനങ്ങളിൽ മേസ്‌തിരിമാരാക്കും. 700 മുതൽ 1000 രൂപവരെ കൂലി ലഭിക്കും.

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഒരു ദിവസം 291 രൂപയാണ് സാധാരണ പ്രതിഫലം. ഒരു പഞ്ചായത്തിൽ കുറഞ്ഞത്‌ 100 വിദഗ്ധ തൊഴിലാളികളെ കണ്ടെത്തി പരിശീലിക്കും. നൂറ് തൊഴിൽദിനങ്ങൾക്ക് പുറമെയാണ് ഇത്തരം പണികൾ ഉൾപ്പെടുക.

തൊഴിലാളികൾക്ക്‌ വേറിട്ട നിർമാണ മേഖലകളിലും പരിശീലനംനൽകി ഉയർന്ന കൂലി ലഭ്യമാക്കുന്ന മേസ്‌തിരിമാരാക്കലാണ്‌ ലക്ഷ്യമിടുന്നത്‌. ഇതോടെ പുറത്തുനിന്ന് മേസ്‌തിരിമാരെ നിയോഗിക്കുന്നതും ഒഴിവാക്കാനാകും. കോടിക്കണക്കിന്‌ രൂപയാണ്‌ കൂലി ഇനത്തിൽ മാത്രം പുറമെനിന്നുള്ള തൊഴിലാളികൾക്ക് നൽകേണ്ടിവരുന്നത്‌.

ഇതൊഴിവാക്കാനാവുന്നതിനൊപ്പം സ്‌ത്രീകൾക്ക്‌ മികച്ച കൂലിയും തൊഴിൽ വൈദഗ്‌ധ്യവും ‘മികവി’ലൂടെ ലഭ്യമാക്കാനാവുമെന്ന്‌ ടി എം മുഹമ്മദ് ജാ (ജോയിന്റ് ഡെവലപ്‌മെന്റ് കമീഷണർ ആൻഡ് ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ) പറഞ്ഞു.
കിലയുടെ പിന്തുണയിലാണ്‌ പരിശീലനം. പരിശീലനം നേടിയവരെ ഉൾപ്പെടുത്തി തൊഴിൽ ബാങ്ക്‌ രൂപീകരിച്ച്‌ സ്ഥിരം തൊഴിലും വരുമാനവും ഉറപ്പാക്കും. സംസ്ഥാനത്ത്‌ 2021-22കാലയളവിൽ ഒരുലക്ഷംപേരെ വിദഗ്ധ തൊഴിലാളികളാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.