Fri. Nov 22nd, 2024

കോഹ്‌ലിക്ക് ശേഷം ഇന്ത്യൻ കുട്ടിക്രിക്കറ്റ് സംഘത്തെ നയിക്കാൻ രോഹിത് ശർമയ്ക്ക് കഴിയുമോ എന്ന ചോദ്യങ്ങൾ അന്തരീക്ഷത്തിൽ നിൽക്കവേ അതിനുള്ള മറുപടിയായിരുന്നു ഇന്നലെ ന്യൂസിലൻഡുമായുള്ള ആദ്യ ട്വന്റി-20യിലെ വിജയം. ബാറ്റിങിൽ അവസാന ഓവറിൽ പതറിയെങ്കിലും ന്യൂസിലൻഡ് ബാറ്റിങ് നിരയെ 164 എന്ന സ്‌കോറിലൊതുക്കാൻ രോഹിത്തിന്റെ തീരുമാനങ്ങൾക്ക് സാധിച്ചിരുന്നു. രോഹിത്തിനെ സംബന്ധിച്ച് ക്യാപ്റ്റനാകുക എന്നത് സഭാകമ്പമുള്ള കാര്യമൊന്നുമല്ല.

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ മുന്നിൽ നിന്ന് നയിച്ച് അഞ്ച് കിരീടങ്ങൾ അവരുടെ ഷെൽഫിലെത്തിച്ച താരമാണ് രോഹിത്ത്. കൂടാതെ ട്വന്റി-20യിൽ ഇതിന് മുമ്പ് രണ്ട് ടൂർണമെന്റുകളിലും ദേശീയ ടീമിനെ നയിച്ച് കിരീടം നേടിയ അനുഭവസമ്പത്തും രോഹിതിന്റെ കരിയർ ഗ്രാഫിലുണ്ട്. 2018 ലെ ഏഷ്യ കപ്പ്, അതേവർഷം തന്നെ നിഥാസ് ട്രോഫി ത്രിരാഷ്ട്ര ടൂർണമെന്റ് എന്നിവയിലായിരുന്നു അത്.

ഒരു സ്ഥിരം ക്യാപ്റ്റനല്ലാത്തത് കൊണ്ടു തന്നെ ഇതുവരെ 20 ട്വന്റി-20 മത്സരങ്ങളിലാണ് രോഹിത് ഇന്ത്യയെ നയിച്ചത്. അതിൽ 16 മത്സരങ്ങളിലും വിജയം ഇന്ത്യക്കൊപ്പം നിന്നു. 80 ശതമാനമാണ് രോഹിതിന്റെ വിജയ ശരാശരി. കണക്കിലേക്ക് വന്നാൽ ലോകത്ത് ട്വന്റി-20 വിജയ ശരാശരിയിൽ രണ്ടാം സ്ഥാനത്താണ് രോഹിത്.

ഒന്നാം സ്ഥാനത്ത് മുൻ അഫ്ഗാനിസ്ഥാൻ നായകൻ അസ്ഖർ അഫ്ഗാനാണ്. 52 മത്സരത്തിൽ ടീമിനെ നയിച്ച അസ്ഗർ 42 മത്സരങ്ങളിലും വിജയം നേടി. 80.77 ശതമാനമാണ് അസ്ഖറിന്റെ വിജയ ശതമാനം. ഇനി ഒരു ജയം കൂടി നേടിയാൽ വിജയ ശരാശരിയിൽ രോഹിത് ലോകത്ത് ഒന്നാം സ്ഥാനത്തെത്തും.