Mon. Dec 23rd, 2024
കർണാടക:

ജനപ്രിയനായ ഒരു യാചകനും അദ്ദേഹത്തിന്‍റെ മരണവും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ഹുച്ച ബസ്യ എന്ന യാചകന്‍റെ മരണാനന്തര ചടങ്ങില്‍ ആയിരക്കണക്കിനുപേര്‍ പങ്കെടുത്തതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. കർണാടകയിലെ ബല്ലാരി ജില്ലയിലാണ് സംഭവം.

നഗരത്തിലുടനീളം ആളുകൾ ബാനറുകൾ സ്ഥാപിക്കുകയും ബാൻഡ് വാദ്യമേളങ്ങളോടെ മൃതദേഹം വഹിച്ച് ഘോഷയാത്ര നടത്തുകയും പൊതുപ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ആരെയും ഉപദ്രവിക്കാതെ യാതൊരു ശല്യവുമില്ലാതെ തെരുവിൽ ഭിക്ഷതേടി ജീവിച്ചിരുന്ന ബസവ എന്ന ബസ്യ മാനസിക വൈകല്യമുള്ള വ്യക്തിയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച വാഹനാപകടത്തിലായിരുന്നു ബസ്യയുടെ മരണം.

ആ പ്രദേശത്തെ ജനങ്ങളുമായി ബസ്യയ്ക്ക് പ്രത്യേക ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന് ഭിക്ഷ കൊടുത്താൽ ഭാഗ്യമുണ്ടാകുമെന്നാണ് നാട്ടുകാരുടെ വിശ്വാസം. പ്രത്യേക രീതിയിലുള്ള ഭിക്ഷാടനമാണ് ബസ്യ നടത്തിയിരുന്നത്.

എല്ലാവരിൽ നിന്നും ഒരു രൂപ മാത്രമാണ് ഭിക്ഷയായി വാങ്ങുക, കൂടുതൽ പണം വാങ്ങാൻ ആളുകൾ നിർബന്ധിച്ചാലും അയാൾ നിരസിക്കും. എല്ലാവരെയും അച്ഛൻ എന്ന അർത്ഥമുള്ള അപ്പാജി എന്നാണ് ബസ്യ അഭിസംബോധന ചെയ്തിരുന്നതു പോലും. ബസ്യയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ആയിരങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിച്ചിരുന്നു.