Sat. Nov 23rd, 2024

ന്യൂസീലൻഡ് ഓപ്പണർ മാർട്ടിൻ ഗപ്റ്റിലിനെ ‘നോക്കി പേടിപ്പിച്ച’ ഇന്ത്യൻ പേസർ ദീപക് ചഹാറിന് ഒരു ലക്ഷം രൂപ സമ്മാനം. എസിസിയുടെ ‘കമാൽ കാ മോമൻ്റ്’ പുരസ്കാരമാണ് ചഹാർ സ്വന്തമാക്കിയത്. ഇന്നലെ ന്യൂസീലൻഡിനെതിരെ നടന്ന ആദ്യ ടി-20 മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിൽ ഇന്ത്യ 5 വിക്കറ്റിനു വിജയിച്ചിരുന്നു.

ന്യൂസീലൻഡ് ഇന്നിംഗ്സിനിടെയായിരുന്നു സംഭവം. ദീപക് ചഹാർ എറിഞ്ഞ 18ആം ഓവറിലെ ആദ്യ പന്ത് ഗാലറിയിലേക്ക് പായിച്ച ഗപ്റ്റിൽ ചഹാറിനെ തുറിച്ചുനോക്കി. അടുത്ത പന്തിൽ ഗപ്റ്റിനെ ശ്രേയാസ് അയ്യരുടെ കൈകളിലെത്തിച്ച ചഹാർ ഈ നോട്ടം തിരിച്ചുനൽകുകയും ചെയ്തു. ഇതിനാണ് ചഹാറിന് പുരസ്കാരം ലഭിച്ചത്.

ഇന്നലെ അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തിലാണ് ഇന്ത്യ വിജയിച്ചത്. ന്യൂസീലൻഡ് മുന്നോട്ടുവച്ച 165 റൺസിൻ്റെ വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു. 62 റൺസെടുത്ത സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രോഹിത് ശർമ്മ 48 റൺസ് നേടി. ന്യൂസീലൻഡിനായി ട്രെൻ്റ് ബോൾട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കിവീസ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 164 റൺസ് നേടിയത്. ന്യൂസീലൻഡിനായി മാർട്ടിൻ ഗപ്റ്റിലും മാർക്ക് ചാപ്മാനും അർദ്ധസെഞ്ചുറി നേടി. 70 റൺസെടുത്ത മാർട്ടിൻ ഗപ്റ്റിലാണ് ടോപ്പ് സ്കോറർ. ഇന്ത്യക്ക് വേണ്ടി ആർ അശ്വിൻ രണ്ട് വിക്കറ്റ് വീഴ്ത്തി.

മൂന്ന് ടി-20 മത്സരങ്ങളാണ് ന്യൂസീലൻഡ് കളിക്കുക. രണ്ടാം ടി-20 നാളെ റാഞ്ചി ജെഎസ്‌സിഎ ഇൻ്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്സിൽ നടക്കും. 21ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മൂന്നാം മത്സരം.