അടിമാലി:
അടിമാലി പഞ്ചായത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ ക്രമക്കേടുകളുടെ വിവരം പുറത്ത്. ഇതോടെ പഞ്ചായത്തിൽ ഭരണ പ്രതിസന്ധി രൂക്ഷമായി. അവിശ്വാസ പ്രമേയം കൊണ്ടുവരാനും നീക്കമുണ്ട്.
ഭരണമുന്നണിയും ജീവനക്കാരും തമ്മിലുണ്ടായ പ്രശ്നങ്ങളാണ് അഴിമതിക്കഥകള്‍ പുറത്തുവരാന്‍ ഇടയാക്കിയത്. എൽ ഡി എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ഭരണപക്ഷവുമായി സഹകരിച്ച് മുന്നോട്ട് പോകാന്‍ കഴിയാതെ സെക്രട്ടറിയും അസി സെക്രട്ടറിയും അവധിയിൽ പോയി. തുടര്‍ന്ന് ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷമായ യു ഡി എഫ് രംഗത്ത് വരുകയും ആടുഗ്രാമം പദ്ധതിയുമായി ബന്ധപ്പെട്ട് 25 ലക്ഷം രൂപയുടെ അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കൂടുതൽ ക്രമക്കേട് സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്.
അടിമാലി കൈനഗിരി കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ടാണ് മറ്റൊരു അഴിമതി. ജലനിധി പ്രകാരം നടപ്പാക്കിയ പദ്ധതിയിൽ 3000 ഗുണഭോക്താക്കളാണുള്ളത്. ഇതിൻറെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കമ്മിറ്റിയുടെ സെക്രട്ടറി ഏഴു ലക്ഷത്തിലധികം രൂപയുടെ തിരിമറി നടത്തിയെന്നാണ് അവധിയില്‍പോയ സെക്രട്ടറി പഞ്ചായത്തിൻറെ ഔദ്യോഗിക ഗ്രൂപ്പില്‍ പങ്കുവെച്ച ശബ്ദസന്ദേശത്തിലുള്ളത്.
വ്യാജരേഖയും വ്യാജ ബില്‍ ബുക്കുകളും നിര്‍മിച്ച് ഗുണഭോക്താക്കളില്‍നിന്ന് പണം വാങ്ങിയതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്ന് സന്ദേശത്തില്‍ പറയുന്നു. എന്നാൽ, ഇക്കാര്യത്തിൽ നിയമനടപടി സ്വീകരിക്കാനോ തുക തിരിച്ചുപിടിക്കാനോ നടപടി ഉണ്ടായിട്ടില്ല. കെട്ടിട നിര്‍മാണ പെർമിറ്റ് നല്‍കിയതുമായി ബന്ധപ്പെട്ടും ആരോപണമുണ്ട്.
പഞ്ചായത്ത് സ്റ്റോപ് മെമ്മോ നല്കിയ കെട്ടിടങ്ങള്‍ അടക്കം നിര്‍മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. ഇത് സംബന്ധിച്ചെല്ലാം ശക്തമായ അന്വേഷണം വേണമെന്ന നിലപാടിലാണ് എൽ ഡിഎഫും. വരും ദിവസങ്ങളില്‍ കൂടുതല്‍ സമരങ്ങൾക്ക് ഒരുങ്ങുകയാണ് യുഡിഎഫ്.