Fri. Nov 22nd, 2024
വാളയാർ:

പരിശോധനയും നിയന്ത്രണവും പിൻവലിച്ചെങ്കിലും തമിഴ്‌നാട്ടിലേക്കുള്ള യാത്രാ ദുരിതം തുടരുന്നു. ബസിനെ ആശ്രയിച്ച് യാത്ര ചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാരും വിദ്യാർത്ഥികളുമാണ്‌ ഇപ്പോഴും ദുരിതമനുഭവിക്കുന്നത്‌. നിലവിൽ രണ്ട് സംസ്ഥാനങ്ങളിലും അതിർത്തിവരെ മാത്രമാണ് ബസ് സർവീസുള്ളത്‌.

കേരളത്തിൽനിന്നുള്ള യാത്രക്കാർ കേരള അതിർത്തിയിൽ ബസിറങ്ങി ഒരു കിലോമീറ്റർ നടന്ന്‌ തമിഴ്നാട് ബസിൽ കയറണം.
കോളേജ് വിദ്യാർത്ഥികളും വയോധികരും സ്ത്രീകളും ഉൾപ്പെടെ ആയിരക്കണക്കിന് യാത്രക്കാരാണ്‌ ഒരു ദിവസം കേരളത്തിൽനിന്നും തിരിച്ചും ബസിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നത്‌.

കേരളത്തിൽ കൊവിഡ്‌ കുറഞ്ഞിട്ടും തമിഴ്‌നാട് മറ്റ് യാത്രക്കാർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചിട്ടും അന്തർ സംസ്ഥാന ബസ് സർവീസ് പുനരാരംഭിക്കാത്തത് ദുരിതമെന്ന്‌ യാത്രക്കാർ പറയുന്നു. ഒന്നര വർഷത്തിലേറെയായി കെഎസ്‌ആർടിസി ബസ്‌ തമിഴ്‌നാട്ടിലേക്ക്‌ സർവീസ്‌ നടത്തിയിട്ടില്ല. ബോണ്ട്‌ സർവീസ്‌ പുനരാരംഭിക്കാൻ ഇരു സർക്കാരും ശ്രമിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.