Sun. Dec 22nd, 2024

ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസൺ നാളെ മുതൽ ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻബഗാനും തമ്മിലാണ് ഉദ്ഘാടന മത്സരം. ഫറ്റോർഡ സ്റ്റേഡിയത്തിൽ വച്ച് രാത്രി 7.30നാണ് മത്സരം നടക്കുക. കഴിഞ്ഞ മൂന്ന് സീസണുകളായി ഇതേ ടീമുകൾ തന്നെയാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടാറുള്ളത്.

പ്രീസീസൺ മത്സരങ്ങളിൽ ഭേദപ്പെട്ട പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്സ് ആകെ കളിച്ച നാല് മത്സരങ്ങളിൽ രണ്ടിലും വിജയിച്ചു. ജംഷഡ്പൂരിനെതിരെ ഒരു കളി 3 ഗോളിൻ്റെ ദയനീയ തോൽവി വഴങ്ങിയെങ്കിലും അടുത്ത മത്സരത്തിൽ സമനില പിടിക്കാൻ ബ്ലാസ്റ്റേഴ്സിനു സാധിച്ചു. കഴിഞ്ഞ സീസണിലെ വിദേശ താരങ്ങളെ ആകെ പൊളിച്ചെഴുതിയ ബ്ലാസ്റ്റേഴ്സ് പ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്. ഇത്തവണ ടീമിലെത്തിച്ച വിദേശ താരങ്ങളൊക്കെ പ്രീസീസൺ മത്സരങ്ങളിൽ മികച്ച പ്രകടനമാണ് നടത്തിയത്.

എനെൻസ് സിപോവിച്, മാർക്കോ ലെസ്കോവിച് എന്നീ പ്രതിരോധ താരങ്ങളും മധ്യനിര താരം അഡ്രിയാൻ ലൂണയും ആൽവാരോ വാസ്കസ്, ചെഞ്ചോ ഗ്യെൽറ്റ്ഷെൻ, ജോർജെ ഡിയാസ് എന്നീ മുന്നേറ്റ താരങ്ങളും മികച്ച കളിക്കാരാണ്. പ്രീസീസൺ പരിഗണിക്കുമ്പോൾ അഡ്രിയാൻ ലൂണ ഫാൻ ഫേവരിറ്റ് ആയേക്കും. റിസർവ് നിരയിൽ ഉണ്ടായിരുന്ന ശ്രീക്കുട്ടൻ വിഎസ്, ബിജോയ് വി, സച്ചിൻ സുരേഷ് എന്നീ മലയാളി താരങ്ങൾക്ക് ബ്ലാസ്റ്റേഴ്സ് സീനിയർ സ്ക്വാഡിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ശ്രീക്കുട്ടൻ മുന്നേറ്റ താരമാണ്. ബിജോയ് പ്രതിരോധത്തിലും സച്ചിൻ ഗോൾവലക്ക് കീഴിലും അണിനിരക്കും. പ്രതിരോധ താരം ജെസൽ കാർനീറോ ആണ് ക്യാപ്റ്റൻ.

ഇത്തവണ ഐഎസ്എലിൽ മലയാളി താരങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യമുണ്ട്. 23 മലയാളി താരങ്ങളാണ് ഇക്കുറി വിവിധ ടീമുകൾക്കായി ഇറങ്ങുക. കഴിഞ്ഞ സീസണിൽ മലയാളി താരങ്ങളുടെ എണ്ണം 15 ആയിരുന്നു.

ബെംഗളൂരു നിരയിലെ ലിയോൺ അഗസ്റ്റിൻ, എഫ്സി ഗോവയിലെ നെമിൽ മുഹമ്മദ്, ഹൈദരാബാദിലെ അബ്ദുൽ റബീഹ് എന്നീ പുതുമുഖങ്ങളിലാണ് ഇത്തവണ കേരള ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിൽ വച്ചാവും മത്സരങ്ങൾ. ആഴ്ചാവസാനത്തിലെ രണ്ടാം മത്സരം 9.30നാണ്.

നവംബർ 27ന് കൊൽക്കത്ത ഡെർബി നടക്കും. നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സി 22ആം തിയതിയാണ് ആദ്യ മത്സരം നടക്കുക. എഫ്സി ഗോവയാണ് മുംബൈയുടെ എതിരാളികൾ.

നവംബർ 25ന് നടക്കുന്ന തങ്ങളുടെ രണ്ടാം മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിനെ നേരിടും. 28ന് ബെംഗളൂരു എഫ്സിയെ നേരിടുന്ന ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം ഡിസംബർ അഞ്ചിനാണ്. ഒഡീഷ എഫ്സിയാണ് എതിരാളികൾ. ഡിസംബർ 12ന് ഈസ്റ്റ് ബംഗാൾ, 19ന് മുംബൈ സിറ്റി, 22ന് ചെന്നൈയിൻ, 26ന് ജംഷഡ്പൂർ എന്നിവരാണ് ബ്ലാസ്റ്റേഴ്സിൻ്റെ മറ്റ് മത്സരങ്ങളിലെ എതിരാളികൾ.