Wed. Jan 22nd, 2025
കാസർകോട്:

അറ്റകുറ്റപ്പണിക്കായി ഓവുചാലിന്റെ സ്ലാബുകൾ എടുത്തു മാറ്റിയിട്ടു രണ്ടാഴ്ചയിലേറെയായിട്ടും നന്നാക്കിയില്ല. ഇതോടെ ദുരിതത്തിലായി ജനങ്ങൾ. കാസർകോട് പുതിയ ബസ് സ്റ്റാൻഡിനടുത്തെ പുതിയ സ്ലാബ് സ്ഥാപിക്കാനാണു പഴയതു എടുത്തു മാറ്റിയത്. എന്നാൽ എടുത്തു മാറ്റി ദിവസങ്ങളായിട്ടും പണി തുടങ്ങിയില്ല.

ശുചിമുറിയിൽ നിന്നുള്ള മലിനജലമാണു ഓവുചാലിലുള്ളത്. ഇവിടെയാകെ ദുർഗന്ധമയമാണ്. കോൺക്രീറ്റ് സ്ലാബ് നിർമിക്കുന്നതിനുള്ള ജെല്ലി ഉൾപ്പെടെയുള്ള സാധനങ്ങൾ ഇറക്കിയിട്ടുണ്ട് ദിവസങ്ങളായെങ്കിലും പണി ഇതുവരെയും തുടങ്ങിയിട്ടില്ല.

സ്ലാബ് തുറന്നിട്ടിരിക്കുന്ന സ്ഥലത്താണു ഓട്ടോറിക്ഷ–ടാക്സി സ്റ്റാൻഡുള്ളത്. കൊതുക് ശല്യം രൂക്ഷമാണ്. പണി തുടങ്ങാൻ വൈകുന്നത് സംബന്ധിച്ച് നഗരസഭ ഓഫിസിലേക്കു വിളിച്ചപ്പോൾ മഴയായതിനാലാണു  വൈകുന്നത് എന്ന  മറുപടിയാണു ലഭിച്ചതെന്നു ടാക്സി ഡ്രൈവർ പറഞ്ഞു. സ്ലാബ് മാറ്റുന്ന പണി ഉടൻ തുടങ്ങണമെന്നാണു ജനങ്ങളുടെ ആവശ്യം.