Sat. Nov 23rd, 2024
ആലപ്പുഴ:

കേന്ദ്രസർക്കാർ സഹായത്തോടെ നടപ്പാക്കുന്ന ‘ഗോബർധൻ’ മാലിന്യസംസ്കരണ പദ്ധതിപ്രകാരം, സംസ്ഥാനത്തു ഗോശാലയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ പ്രോജക്ടിനു ജില്ലയിൽ കുരുക്കഴിയുന്നു. സ്വച്ഛ് ഭാരത് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 50 ലക്ഷം രൂപ സഹായധനം ലഭിക്കുന്ന പദ്ധതിയാണിത്. പദ്ധതിക്കു സാങ്കേതിക തടസ്സം വന്നപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അനുമതിയോടെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പദ്ധതി നടപ്പാക്കാമെന്നു സംസ്ഥാന സർക്കാർ ഉത്തരവിറക്കി.

എന്നിട്ടും പദ്ധതി നീണ്ടുപോയത് ദേവസ്വം ബോർഡിന്റെ അനുമതി രേഖാമൂലം കിട്ടാത്തതിനാലാണ്. കഴിഞ്ഞ ദേവസ്വം ബോർഡ് യോഗം പദ്ധതിക്കു തത്വത്തിൽ അംഗീകാരം നൽകിയതോടെയാണു കുരുക്കഴിഞ്ഞത്. സംസ്ഥാനത്തു ഗോശാലയുമായി ബന്ധപ്പെട്ട് ബൃഹദ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതു ജില്ലയിലാണ്.

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഗോശാലയിൽ പദ്ധതി നടപ്പാക്കാനാണു തീരുമാനം. ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലായതിനാൽ ബോർഡിന്റെ അനുമതി ആവശ്യമാണ്. മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിച്ച് ചാണകത്തിൽനിന്നു പാചകവാതകം ഉല്പാദിപ്പിക്കുകയുമാണ് ലക്ഷ്യം.

ശുചിത്വ മിഷന്റെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ എസ്റ്റിമേറ്റായി. 20 ലക്ഷം രൂപയ്ക്കുവരെ മാത്രമേ ജില്ലാതലത്തിൽ അനുമതി നൽകാൻ കഴിയൂ.

അതിനാൽ ദേവസ്വം ബോർഡിന്റെ നോ ഒബ്ജക്‌ഷൻ സർട്ടിഫിക്കറ്റ് ലഭിച്ചാലുടൻ സംസ്ഥാന ശുചിത്വമിഷന്റെ സാങ്കേതികാനുമതിയോടെ പദ്ധതി ടെൻഡർ ചെയ്യും. സർക്കാരിന്റെ മരുന്നുനിർമാണ ശാലയായ കെഎസ്ഡിപിയിലും മണ്ണഞ്ചേരി പഞ്ചായത്തിന്റെ പാതിരപ്പള്ളി ജനകീയ ഭക്ഷണ ശാലയിലും 2.80 ലക്ഷം രൂപയുടെ വീതം മാലിന്യസംസ്കരണ പ്ലാന്റുകളും സ്ഥാപിക്കും.