Wed. Jan 22nd, 2025
തെന്മല:

വർഷങ്ങൾക്കു ശേഷം ഒരു ജനപ്രതിനിധിയെ അടുത്തുകണ്ടപ്പോൾ പതിറ്റാണ്ടുകളായി ഒതുക്കിവച്ചിരുന്ന പരാതിയുടെ കെട്ടഴിക്കുകയായിരുന്നു അച്ചൻകോവിൽ പ്രിയ എസ്റ്റേറ്റിലെ ജനങ്ങൾ. കയറികിടക്കാൻ നൂറ്റാണ്ടിനു മുൻപ് എസ്റ്റേറ്റ് മാനേജ്മെന്റ് നിർമിച്ചു നൽകിയ വീടുണ്ടെങ്കിലും പൂർണമായും ചോർന്നൊലിച്ചു തറയിളകിക്കിടക്കുന്നത് എംഎൽഎ പിഎസ് സുപാലിനെ ഇവർ കാണിച്ചുകൊടുത്തു. ഈ കെട്ടിടങ്ങളൊന്നും വാസയോഗ്യമല്ലെന്ന് ഒറ്റനോട്ടത്തിൽത്തന്നെ കണ്ടാൽ മനസ്സിലാകുമെന്ന് എംഎൽഎയോടൊപ്പം ഉണ്ടായിരുന്നവർ ഒന്നടങ്കം പറഞ്ഞു.

തോട്ടം തുറന്നു പ്രവർത്തിച്ചെങ്കിലും സർക്കാർ പ്രഖ്യാപിച്ച പാക്കേജുകളൊന്നും ഉടമയ്ക്കു ലഭിക്കാതെ വന്നതോടെ പ്രവർത്തനങ്ങളൊന്നുമില്ല. റോഡില്ലാത്തതും കുട്ടികളുടെ പഠനം വഴിമുട്ടിയതുമെല്ലാം പരാതിയിൽ ചിലതുമാത്രം. എല്ലാ പ്രശ്നങ്ങൾക്കും ഒരുമിച്ചു പരിഹാരം കാണാൻ സാധിച്ചില്ലെങ്കിലും പരമാവധി വിഷയങ്ങളിൽ തീരുമാനം ഉണ്ടാക്കാമെന്ന ഉറപ്പ് നൽകിയാണ് എംഎൽഎ മടങ്ങിയത്. 35 കുടുംബങ്ങളാണ് ഇവിടെയുള്ളത്.