Tue. Nov 5th, 2024
ബത്തേരി:

നിർദിഷ്‌ട തലശേരി–മൈസൂരു റെയിൽപ്പാതയുടെ ആകാശ സർവേക്ക്‌ ബത്തേരിയിൽ ഒരുക്കം പുരോഗമിക്കുന്നു. അടുത്ത രണ്ട്‌ ദിവസത്തിനകം പാതയുടെ ഹെലിബോൺ ജ്യോഗ്രഫിക്കൽ സർവേ ആരംഭിക്കാനാണ്‌ കൊങ്കൺ റെയിൽവേ കോർപറേഷനുവേണ്ടി സർവേ ഏറ്റെടുത്ത ഹൈദരാബാദ്‌ ആസ്ഥാനമായ നാഷണൽ ജ്യോഗ്രഫിക് റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ തീരുമാനം.
ഹെലികോപ്‌റ്ററുകൾ ഉപയോഗിച്ചുള്ള സർവേയുടെ ബേസ്‌ ഗ്രൗണ്ട്‌ ബത്തേരി സെന്റ്‌മേരീസ്‌ കോളേജ്‌ ഗ്രൗണ്ടും ഹെലിപ്പാഡുമാണ്‌.

ഒരു മാസം നീളുന്ന സർവേക്കായി ഏതാനും വാഹനങ്ങളും ജീവനക്കാരും സാമഗ്രികളും ചൊവ്വാഴ്‌ചയെത്തി. ഹെലികോപ്‌റ്ററുകൾ ബുധനാഴ്‌ച എത്തിയേക്കും. ഹെലിപ്പാഡും ഗ്രൗണ്ടും കഴിഞ്ഞ ദിവസം വേലികെട്ടിതിരിച്ച്‌ പൊതുജനങ്ങൾക്കുള്ള പ്രവേശനം ഒരുമാസത്തേക്ക്‌ വിലക്കിയിരുന്നു.

ഹെലിബോൺ സർവേക്കായി ഹെലിപ്പാട്‌ ഏറ്റെടുത്തതോടെ ഡ്രൈവിങ്‌ ടെസ്‌റ്റുകൾ സമീപത്തെ മറ്റൊരു ഗ്രൗണ്ടിലേക്ക്‌ മോട്ടോർ വാഹന വകുപ്പ്‌ മാറ്റി. വർഷങ്ങളായി പ്രദേശവാസികൾ പൊതു കളിസ്ഥലമായി ഉപയോഗിക്കുന്ന ഗ്രൗണ്ടാണിത്‌. ഗ്രൗണ്ട്‌ കളിസ്ഥലമായി നിലനിർത്തണമെന്ന ആവശ്യവുമായി നാട്ടുകാരിൽ ഒരുവിഭാഗം പ്രതിഷേധവുമായി എത്തിയതോടെ നഗരസഭയും വിവിധ വകുപ്പുകളും നാട്ടുകാരുടെ പ്രതിനിധികളുമായി ചർച്ചനടത്തി പകരം കളിസ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ്‌.

ഹെലിബോൺ സർവേക്ക്‌ ശേഷം തലശേരി–മൈസൂരു റെയിൽപ്പാതയുടെ അന്തിമ റൂട്ടിന്‌ അംഗീകാരമാവും. വനമേഖലകൾ പരമാവധി ഒഴിവാക്കുന്നതിനാൽ കബനീതീരം വഴിയുള്ള പാതയാണ്‌ പരിഗണനയിലുള്ളത്‌. തലശേരിയിൽനിന്നുള്ള റെയിൽപ്പാത മിക്കവാറും മാനന്തവാടി, മീനങ്ങാടി, കേണിച്ചിറ തുടങ്ങിയ ഭാഗങ്ങളിലൂടെയാവും കബനിതീരം വഴി മൈസൂരുവിലെത്തുക.