ദക്ഷിണാഫ്രിക്ക:
വർണ വിവേചനവും വംശീയ അതിക്രമവും നിർബാധം തുടരുന്ന ഇസ്രായേലിൽ വെച്ച് നടക്കുന്ന മിസ് യൂനിവേഴ്‌സ് മത്സരത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് മിസ് ദക്ഷിണാഫ്രിക്ക ലലേല മിസ്‌വാനെ പിൻമാറണമെന്ന് ദക്ഷിണാഫ്രിക്കൻ സർക്കാർ ആവശ്യപ്പെട്ടു. ഡിസംബർ 12ന് ഇസ്രായേലിലെ എയ്‌ലാറ്റിൽ വെച്ചാണ് മത്സരം.
പാലസ്തീനോടുള്ള പിന്തുണയുടെ ഭാഗമായി മത്സരത്തിൽ നിന്ന് മിസ് ദക്ഷിണാഫ്രിക്ക പിൻമാറണമെന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ആവശ്യമുയർന്നിരുന്നു. തുടർന്നാണ് ഇസ്രായേൽ പരിപാടിയിൽ മിസ് ദക്ഷിണാഫ്രിക്കയ്ക്കുള്ള പിന്തുണ സർക്കാർ പിൻവലിച്ചത്. മത്സരത്തിൽ പങ്കെടുക്കാനുള്ള തീരുമാനത്തിൽനിന്ന് മത്സരാർഥിയും പ്രാദേശിക സംഘാടകരും പിൻവാങ്ങണമെന്നും സർക്കാർ അിയിച്ചു.
എന്നാൽ മിസ് യൂനിവേഴ്‌സ് മത്സരം രാഷ്ട്രീയ വൽകരിക്കേണ്ട കാര്യമില്ലെന്നും അടുത്തിടെ കിരീടം നേടിയ മിസ് സൗത്ത് ആഫ്രിക്ക മൽസരത്തിൽ പങ്കെടുക്കണമെന്നും പ്രാദേശിക സൗന്ദര്യമത്സര സംഘാടകർ പറയുന്നു. തീരുമാനം പുനപരിശോധിക്കണമെന്നാണ് സർക്കാർ അഭ്യർഥന.
പാലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങൾ നന്നായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണെന്നും ദക്ഷിണാഫ്രിക്കയിലെ ജനങ്ങളുടെ നിയമാനുസൃത പ്രതിനിധി എന്ന നിലയിൽ സർക്കാരിന് നല്ല മനസ്സാക്ഷിയോടെ അത്തരം നടപടികളുമായി സഹകരിക്കാൻ കഴിയില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പരിപാടിയിൽ പങ്കെടുക്കാനുള്ള നീക്കം കറുത്ത വർഗക്കാരിയായ സ്ത്രീ എന്ന നിലയിൽ ലലേല മിസ്‌വാനെയുടെ ഭാവിക്കും പൊതുനിലപാടിനും വിനാശകരമാണെന്ന് തെളിയിക്കാനാകുമെന്ന് കലാ-സാംസ്കാരിക മന്ത്രി നതി മത്തേത്വ പറഞ്ഞു.
വർണ്ണവിവേചനത്തിന്‍റെ വക്താക്കളായ ഇസ്രായേൽ ആതിഥേയത്വം വഹിക്കുന്ന മിസ് യൂനിവേഴ്‌സ് മത്സരം ബഹിഷ്‌കരിക്കണമെന്നുള്ള വ്യാപകമായ ആഹ്വാനം മിസ് സൗത്ത് ആഫ്രിക്കയും പ്രാദേശിക സൗന്ദര്യ മത്സര സംഘാടകരും കേൾക്കണമെന്ന് ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് പാർട്ടി പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.