ബാലുശ്ശേരി:
പൂനൂർപ്പുഴയുടെ സംരക്ഷണ ഭിത്തി നിർമാണത്തിൻറെ മറവിൽ കരിങ്കൽ പൊട്ടിച്ച് കടത്താൻ കരാറുകാരൻറെ ശ്രമം നാട്ടുകാർ തടഞ്ഞു. പൂനൂർപ്പുഴയുടെ ചീടിക്കുഴി ഭാഗത്താണ് ജലസേചന വകുപ്പ് ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിർമിക്കാൻ തീരുമാനിച്ചത്. രണ്ടുവർഷം മുമ്പുണ്ടായ ഉരുൾപൊട്ടലിൽ കൂറ്റൻ കരിങ്കല്ലുകൾ പുഴയിലൂടെ ഒഴുകി ചീടിക്കുഴി ഭാഗത്തെത്തിയിരുന്നു.
പഞ്ചായത്ത് ഇടപെട്ട് കല്ലുകൾ പൊട്ടിച്ച് കരക്കടിപ്പിച്ച് വെച്ചിരുന്നു. പുഴയുടെ സംരക്ഷണഭിത്തികെട്ടാൻ ഈ കല്ലുകൾ ഉപയോഗിക്കാതെ കോൺക്രീറ്റ് സംരക്ഷണഭിത്തിയാണ് നിർമിക്കാനുദ്ദേശിക്കുന്നത്. പുഴയോരത്ത് കൂട്ടിയിട്ട കരിങ്കല്ലുകൾ ലോറിയിൽ കടത്താനുള്ള നീക്കമാണ് നാട്ടുകാർ ഇടപെട്ട് തടഞ്ഞത്.
പുഴ സർവേ ചെയ്യാതെ നിലവിലുള്ള വീതി കുറച്ച് സംരക്ഷണ ഭിത്തി നിർമിക്കാനുള്ള കരാറുകാരൻറെ നീക്കവും കഴിഞ്ഞ ദിവസം നാട്ടുകാർ ഇടപെട്ട് തടഞ്ഞിരുന്നു. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മുഹമദ് മോയത്ത്, പ്രേംജി ജയിംസ്, സി പി എം കാന്തലാട് ലോക്കൽ സെക്രട്ടറി കെ കെ ബാബു, പി ഉസ്മാൻ , വി പി സുരജ് , സുരേഷ് പുന്നായിക്കൽ എന്നിവർ സ്ഥലത്തെത്തി നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.