Sat. Nov 23rd, 2024
പെരിങ്ങര:

അവസാനമില്ലാത്ത ദുരിതത്തിനു നടുവിലാണ് പഞ്ചായത്തിലെ മുണ്ടപ്പള്ളി, ചക്കുളത്തുകാവ് കോളനി നിവാസികൾ. 42 കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ നിന്നു വെള്ളം കയറിയിട്ട് 7 മാസമായി. പല വീടുകളിലും ഇപ്പോഴും വെള്ളമാണ്. ഒരാഴ്ചയായി കോളനിയിലുള്ളവർ റോഡിൽ ഷെഡ് കെട്ടി അവിടെ വച്ച് ഭക്ഷണം പാചകം ചെയ്ത് കഴിക്കുകയാണ്.

വേങ്ങൽ, പാണാകേരി പാടശേഖരങ്ങൾക്കു നടുവിൽ തൊട്ടടുത്തായിട്ടാണ് രണ്ടു കോളനികളും സ്ഥിതി ചെയ്യുന്നത്. പാടശേഖരങ്ങളിൽ ജോലി ചെയ്യുന്ന കർഷക തൊഴിലാളികളുടെ കുടുംബങ്ങളാണെല്ലാം. 35 വർഷത്തോളമായി ഇവിടെ താമസിക്കുന്നവരാണിവർ. മേയിലാണ് ആദ്യം വെള്ളം കയറുന്നത്. അതിൽ പിന്നെ തുടർച്ചയായി 6 വെള്ളപ്പൊക്കങ്ങളാണ് ഉണ്ടായത്.

ഒരിക്കൽ വെള്ളം ഉയർന്നാൽ മൂന്നാഴ്ചയെങ്കിലും കഴിയാതെ ഇറങ്ങാറില്ല. കോളനികളിലെ ഏറ്റവും താഴ്ന്ന വീടുകളായ തോമസ്കുട്ടി, ഓമനക്കുട്ടൻ, കൊച്ചുകുഞ്ഞ്, സുശീലൻ എന്നിവരുടെ വീടുകളിൽ നിന്നു വെള്ളം ഇറങ്ങിയിട്ട് 7 മാസമായി. വീടിനുള്ളിൽ കട്ടിൽ ഉയർത്തി വച്ചും മറ്റു വീടുകളിലുമായിട്ടാണ് ഇവർ‌ അന്തിയുറങ്ങുന്നത്.

വേങ്ങൽ-വേളൂർ മുണ്ടകം റോഡ് ഉന്നത നിലവാരത്തിൽ നിർമിച്ചതോടെ റോഡിൽ വെള്ളം കയറാറില്ല. ഈ റോഡിലെ അയ്യനവേലിയിൽ നിന്ന് പ്രധാനമന്ത്രിയുടെ റോഡ് വികസന പദ്ധതിയിൽ നിർമിച്ച റോഡാണ് മുണ്ടപ്പള്ളി കോളനിയിലേക്കുള്ളത്. അയ്യനവേലി പാലം കഴിയുമ്പോൾ മുതൽ അര കിലോമീറ്ററിനുള്ളിൽ റോഡിൽ മൂന്നിടത്താണ് വെള്ളം കയറികിടക്കുന്നത്.

റോഡ് നിർമാണത്തിലെ അപാകതയാണ് കാരണമെന്നാണ് നാട്ടുകാരുടെ പരാതി. റോഡ് ഉയർന്നതോടെ വീടുകൾ കുറെക്കൂടി താഴെയായി. ഇതോടെ വീടുകളിൽ നിന്നു വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാതായി.

ഈ റോഡിൽ നിന്നു ചക്കുളത്തുകാവ് കോളനിയിലേക്കു എംപി ഫണ്ട് ഉപയോഗിച്ച് നിർമിച്ച കോൺക്രീറ്റ് റോഡുണ്ട്. ഈ റോഡിൽ ഷെഡു കെട്ടിയാണ് ഭക്ഷണം പാകം ചെയ്യുന്നത്. റോഡിനു സമീപത്തെ വീടുകളെല്ലാം വെള്ളത്തിലാണ്. പലരും വീടുകളിൽ നിന്നു റോഡിലേക്ക് വലിയ തടിക്കഷണം ഇട്ട് അതിൽകൂടിയാണ് റോഡിലിറങ്ങുന്നത്. മറ്റു ചിലർ വീട്ടുമുറ്റത്ത് വള്ളം സൂക്ഷിച്ചിരിക്കുകയാണ്.