Wed. Jan 22nd, 2025

അഞ്ചു കോടി വിലമതിക്കുന്ന ആഡംബര വാച്ചുകളുമായി എത്തിയ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യയെ കസ്റ്റംസ് പിടികൂടി. മുംബൈ വിമാനത്താവളത്തില്‍ വച്ചാണ് പാണ്ഡ്യയെ പിടികൂടിയത്. ടി ട്വന്‍റി ലോകകപ്പ്​ കഴിഞ്ഞ്​ ഞായറാ​ഴ്ച ദു​ബൈയിൽ നിന്ന്​ നാട്ടിലേക്ക്​ വരു​മ്പോഴാണ്​ സംഭവം​.

വാച്ചുകളെ പറ്റിയുള്ള അന്വേഷണത്തിൽ കൃത്യമായ രേഖകൾ ഹാജരാക്കാൻ ഹാർദിക്​ പാണ്ഡ്യക്ക്​ കഴിഞ്ഞില്ലെന്ന്​ കസ്റ്റംസ്​ അധികൃതർ വ്യക്തമാക്കി. പാണ്ഡ്യയുടെ കയ്യിലുണ്ടായിരുന്ന രേഖയിലെ സീരിയൽ നമ്പരും വാച്ചിലെ സീരിയൽ നമ്പരും രണ്ടാണെന്ന്​ കസ്റ്റംസ്​ കണ്ടെത്തി.എന്നാല്‍ വാച്ചിന്‍റെ വില അഞ്ചു കോടിയല്ലെന്നും 1.5 കോടി രൂപയാണെന്നും ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ ഹര്‍ദിക് പാണ്ഡ്യ വ്യക്തമാക്കി.

ഞാന്‍ ദുബായില്‍ നിന്ന് നിയമാനുസൃതമായി വാങ്ങിയ എല്ലാ സാധനങ്ങളെന്തെല്ലാമെന്ന് സ്വമേധയാ തന്നെ അറിയിച്ചിരുന്നു. അതിനായി എത്ര തീരുവ തന്നെ അടയ്ക്കാനും തയ്യാറാണ്. കസ്റ്റംസ് അതിനായി ആവശ്യപ്പെട്ട രേഖകളെല്ലാം തന്നെ ഞാന്‍ സമര്‍പ്പിച്ചതാണ്.

വാച്ചിന്‍റെ വില ഏകദേശം 1.5 കോടി രൂപയാണ്, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കിംവദന്തികള്‍ പോലെ അഞ്ചു കോടി രൂപയല്ല. ഞാന്‍ രാജ്യത്തെ നിയമം അനുസരിക്കുന്ന ഒരു പൗരനാണ്, എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ഞാന്‍ ബഹുമാനിക്കുന്നു.

മുംബൈ കസ്റ്റംസ് വിഭാഗത്തില്‍ നിന്ന് എല്ലാവിധ പിന്തുണയും എനിക്ക് ലഭിച്ചിട്ടുണ്ട്. ഞാന്‍ എല്ലാ സഹകരണവും അവര്‍ക്കും ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ വിഷയം പരിഹരിക്കുന്നതിന് ആവശ്യമായ നിയമാനുസൃതമായ രേഖകളെല്ലാം അവര്‍ക്ക് നല്‍കുകയും ചെയ്യും. നിയമം ലംഘിച്ചുവെന്ന തരത്തില്‍ എനിക്കെതിരേ ഉയരുന്ന ആരോപണങ്ങളെല്ലാം തീര്‍ത്തും അടിസ്ഥാനരഹിതമാണ് പാണ്ഡ്യയുടെ കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഒരു കോടി രൂപ വില വരുന്ന ആഡംബര വാച്ചുകളുമായി എത്തിയ ഹര്‍ദികിന്‍റെ സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് തടഞ്ഞുവച്ചിരുന്നു. കണക്കില്‍പ്പെടാത്ത സ്വര്‍ണവും മറ്റു വിലപ്പിടിപ്പുള്ള വസ്തുക്കളും കൈവശം ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ക്രുനാലിനെ ഡിആര്‍ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച ആഡംബര വാച്ചുകളും സ്വര്‍ണ്ണവും കണ്ടെടുത്തത്.