Mon. Dec 23rd, 2024
കൊച്ചി:

ഇനി കള്ളന്മാരെ പേടിക്കാതെ കഴിയാൻ ഡബിൾ പ്രൊട്ടക്ഷൻ. ഗോദ്രേജ് പൂട്ട് ഉപയോഗിക്കുന്നവർക്കാണ് കമ്പനി ലിബർട്ടി ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡുമായി ചേർന്ന് വമ്പൻ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നത്. ഗോദ്റേജ് ലോക്കുകള്‍ വാങ്ങുന്നവരുടെ ആസ്തികൾക്ക് 1280 കോടി രൂപവരെ പരിരക്ഷ നല്‍കുന്ന പദ്ധതിയാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഗോദ്റെജിന്‍റെ അതീവ സുരക്ഷാ സംവിധാനമുള്ള ഡിജിറ്റല്‍ ഡോര്‍ ലോക്ക്സ് ശ്രേണിയായ അഡ്വാന്‍റിസ്, പുതിയതായി വിപണിയിലിറങ്ങിയതും പൂര്‍ണമായി ഇന്ത്യയില്‍ രൂപകല്പന ചെയ്ത് നിര്‍മ്മിക്കുന്നതുമായ സ്പേസ്ടെക് പ്രോ എന്നീ ലോക്കുകളും പെന്‍റബോള്‍ട്ട് ഏരീസ്, പെന്‍റബോള്‍ട്ട് ഇഎക്സ്എസ്+, അല്‍ട്രിക്സ് & ആസ്ട്രോ എന്നിവ വാങ്ങുന്ന ഉപയോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാവുക.

ലോക്കിന്റെ പാക്കറ്റിലുള്ള ക്യുആര്‍കോഡ് സ്കാന്‍ ചെയ്ത്, ജിഎസ്ടിയോട് കൂടിയ ഇന്‍വോയ്സ് സമര്‍പ്പിച്ച് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാം. രജിസ്റ്റര്‍ ചെയ്യുന്ന തിയതി മുതല്‍ ഒരു വര്‍ഷമാണ് ഇന്‍ഷുറന്‍സ് കാലാവധി. ലോക്കിന്‍റെ പരമാവധി ചില്ലറ വില്‍പന വില (എംആര്‍പി)യുടെ 20 മടങ്ങായിരിക്കും ഇന്‍ഷുറന്‍സ് പരിരക്ഷ.

വീട്ടില്‍ ഭവന ഭേദനമോ മോഷണമോ നടക്കുകയും ലോക്ക് തകര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍ എഫ്ഐആറിന്‍റെ പകര്‍പ്പോടുകൂടി ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാം. ആഭരണങ്ങള്‍ക്കും ഉയര്‍ന്ന മൂല്യമുള്ള ഉല്‍പന്നങ്ങള്‍ക്കും പരിരക്ഷ ലഭിക്കും.

ഈ ഇൻഷുറൻസ് പരിരക്ഷ പദ്ധതിയുടെ സ്വീകാര്യതയിലൂടെ കമ്പനി 30 ശതമാനം വില്‍പന വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ ആശങ്കയും അരക്ഷിതാവസ്ഥയും കുറയ്ക്കാനാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്നും കമ്പനികൾ പറയുന്നു.