ന്യൂഡൽഹി:
രാജ്യത്തെ പെട്രോൾ -ഡീസൽ വിലയിൽ സംസ്ഥാന സർക്കാറുകളെ വിമർശിച്ച് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. ഇന്ധന നികുതി കുറക്കാത്തത് സംബന്ധിച്ച് ജനങ്ങൾ വോട്ട് ചെയ്ത സംസ്ഥാന സർക്കാറുകളോട് ചോദിക്കാനായിരുന്നു നിർമല സീതാരാമന്‍റെ പ്രതികരണം.
തിങ്കളാഴ്ച രാത്രി ധനമന്ത്രി നടത്തിയ വാർത്താസമ്മേളത്തിലാണ് രാജ്യത്ത് കുതിച്ചുയരുന്ന പെട്രോൾ -ഡീസൽ വിലയിൽ സംസ്ഥാന സർക്കാറുകളെ വിമർശിച്ച് ധനമന്ത്രി രംഗത്തെത്തിയത്. അടുത്തിടെ കേന്ദ്രസർക്കാർ ഇന്ധനങ്ങൾക്ക് ഏർപ്പെടുത്തിയ എക്സൈസ് ഡ്യൂട്ടി കുറച്ചിട്ടും എന്തുകൊണ്ടാണ് ചില സംസ്ഥാനങ്ങൾ പെട്രോളിന്‍റെയും ഡീസലിന്‍റെയും മൂല്യവർധിത നികുതി (വാറ്റ്) കുറക്കാത്തതെന്ന് നിർമല സീതാരാമൻ ചോദിച്ചു.
സംസ്ഥാനങ്ങളോട് വാറ്റ് കുറക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇന്ധനവില കുറക്കാത്തത് സംബന്ധിച്ച് ജനങ്ങൾ വോട്ട് ചെയ്ത സംസ്ഥാനങ്ങൾ ഭരിക്കുന്ന പാർട്ടികളോട് ചോദിക്കണമെന്നും നിർമല കൂട്ടിച്ചേർത്തു.
ജി എസ് ടി കൗൺസിൽ പെട്രോളിന്‍റെയും ഡീസലിന്‍റെയും നിരക്ക് നിശ്ചയിക്കാതെ ഇവ ജി എസ് ടിയിൽ ഉൾപ്പെടുത്താൻ കഴിയില്ല -ധനമന്ത്രി പറഞ്ഞു.