Mon. Dec 23rd, 2024
Alangad

ആലങ്ങാട്: ചുഴലിക്കാറ്റ് ദുരന്തത്തിലെ നഷ്ടപരിഹാരത്തിനെതിരെ വ്യാപക പരാതികൾ. എറണാകുളം ആലങ്ങാട് പഞ്ചായത്തിലെ നീറിക്കോട് കഴിഞ്ഞ ജൂലൈ മാസത്തിൽ വീശിയ ചുഴലിക്കാറ്റിൽ നഷ്ടങ്ങൾ സംഭവിച്ച വ്യക്തികൾക്ക് വിതരണം ചെയ്ത നഷ്ടപരിഹാരത്തിലാണ് അപാകതകൾ സംഭവിച്ചിരിക്കുന്നത്. മുന്നൂറോളം കുടുംബങ്ങൾക്ക് നഷ്ടപരിഹാരത്തുക വിതരണം ചെയ്തു എന്ന് പഞ്ചായത്ത് അവകാശപ്പെടുമ്പോഴും അമ്പതോളം അർഹരായ കനത്ത നഷ്ടം നേരിട്ട കുടുംബങ്ങൾക്ക് യാതൊരു സഹായവും ഇതുവരെ ലഭ്യമായിട്ടില്ല.

പ്രദേശത്തെ ജനകീയ കൂട്ടായ്മയായ ഊർജ്ജം വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിൽ ധർണ നടത്തുകയും വ്യവസായ മന്ത്രിയും സ്ഥലം എംഎൽഎയുമായ പി രാജീവിനും ജില്ലാ കളക്ടർക്കും പരാതി നൽകിയിരിക്കുകയുമാണ്. വില്ലേജിൽനിന്ന് ലഭിച്ച പരാതികളിന്മേൽ പഞ്ചായത്ത് എഞ്ചിനീയർ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കി റവന്യൂ വിഭാഗത്തിന് റിപ്പോർട്ട് സമർപ്പിച്ചതാണെന്നും അർഹർ പട്ടികയിൽ ഉൾപെടാത്തത് പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മൂലം അല്ലെന്നുമാണ് ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പിഎ മനാഫ് പറയുന്നത്.

എന്നാൽ പ്രളയ നഷ്ടപരിഹാര വിതരണത്തിലും ഇതേ രീതിയിൽ പട്ടികയിൽ നിന്ന് അർഹരെ ഒഴിവാക്കിയ സാഹചര്യം ഉണ്ടായിരുന്നു എന്നും പഞ്ചായത്ത് സമർപ്പിച്ച പട്ടികയിലെ എല്ലാവർക്കും തുക വിതരണം ചെയ്യുക മാത്രമേ ചെയ്തുള്ളൂ എന്നുമാണ് താലൂക്ക് ഉദ്യോഗസ്ഥർ പറയുന്നതെന്നും ഊർജ്ജം വെൽഫെയർ സൊസൈറ്റി ചെയർപേഴ്സൺ യാസ്മിൻ നാസർ പറഞ്ഞു. മന്ത്രിയുടെ ഭാഗത്തുനിന്നും കളക്ടറുടെ ഭാഗത്തുനിന്നും പരാതിയിമേൽ അനുകൂലമായ നിലപാടാണ് ഉണ്ടായിരിക്കുന്നതെന്നും ആവശ്യമെങ്കിൽ സർവ്വേ വീണ്ടും നടത്താമെന്നുള്ള ഉറപ്പ് ലഭിച്ചു എന്നും അവർ കൂട്ടിച്ചേർത്തു.

പട്ടികയിൽ നിന്ന് പുറത്തായവരിൽ മാസങ്ങളായി വാടകയ്ക്ക് കഴിയുന്നവരും ബന്ധുക്കളുടെ വീടുകളിൽ അഭയം പ്രാപിച്ചിരിക്കുന്നവരും ലോൺ എടുത്ത് കൃഷി ചെയ്തത് നശിച്ചവരും ഉൾപ്പെടുന്നുണ്ട്. സർക്കാർ ഭാഗത്തുനിന്ന് അപാകതകൾ പരിഹരിച്ച് വേഗത്തിൽ നടപടികൾ പൂർത്തിയാക്കണമെന്നും അത് നേടിയെടുക്കുംവരെ പിന്മാറ്റമില്ലെന്നും ഊർജം സൊസൈറ്റി അറിയിച്ചു.