Wed. Jan 22nd, 2025
tipu throne

ടിപ്പു സുൽത്താന്റെ സുവർണ സിംഹാസനത്തിലെ എട്ട് സ്വർണ കടുവകളിലൊന്ന് ലേലത്തിന് വച്ചു ബ്രിട്ടീഷ് സർക്കാർ. യുകെ ഗവൺമെന്റിന്റെ ഡിജിറ്റൽ, കൾച്ചർ, മീഡിയ, സ്പോർട്സ്, വകുപ്പാണ് 1.5 മില്യൺ പൗണ്ടിന് ലേലത്തിന് വെച്ചിരിക്കുന്നത്. 14,98,64,994 രൂപയാണ് ഇതിന്റെ മൂല്യം. പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിലുണ്ടായിരുന്ന വസ്തു ലേലത്തിലൂടെ രാജ്യം വിട്ടു പോകാതിരിക്കാൻ താത്കാലിക കയറ്റുമതി നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. ടിപ്പു സുൽത്താന്റെ സ്വർണ കടുവാ തലയ്ക്ക് യുകെയിൽ നിന്ന് തന്നെ പുതിയ ഉടമയെ തേടുകയാണ് അധികൃതർ. യുകെയിലുള്ള ഗാലറിക്കോ സ്ഥാപനങ്ങൾക്കോ സ്വർണ കടുവയെ സ്വന്തമാക്കാനുള്ള സമയം അനുവദിക്കുന്നതിനാണ് താത്കാലിക നിരോധനം. 2022 ഫെബ്രുവരി 11 വരെയാണ് കയറ്റുമതി നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. യുകെയിൽ നിന്ന് ആരെങ്കിലും ഇത് വാങ്ങാൻ തയ്യാറാകുകയും പണം നൽകാൻ സാവകാശം ചോദിക്കുകയും ചെയ്താൽ കയറ്റുമതി വിലക്ക് ഒരു മാസം കൂടി നീട്ടും.

tipu throne ടിപ്പു സുൽത്താൻ സിംഹാസനം
                      ടിപ്പു സുൽത്താന്റെ സിംഹാസനത്തിന്റെ രേഖ ചിത്രം

1799 മേയ് നാലിനാണ് ശ്രീരംഗപട്ടണത്തു വെച്ച് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി നാലാം ആംഗ്ലോ മൈസൂർ യുദ്ധത്തിൽ ടിപ്പു സുല്‍ത്താനെ കൊലപ്പെടുത്തുന്നത്. തുടർന്ന് ടിപ്പുവിന്റെ ഖജനാവും, ശ്രീരംഗപട്ടണത്തെ സകല വീടുകളും ഈസ്റ്റിന്ത്യാ കമ്പനി  കൊള്ളചെയ്യുകയും ചെയ്തു. ടിപ്പുവിന്റെ ഖജനാവിൽ നിന്ന് 20 ലക്ഷം പവൻ (സ്റ്റർലിങ്) വിലമതിക്കുന്ന വസ്തുക്കൾ ബ്രിട്ടൻ കൈക്കലാക്കി. ഇക്കൂട്ടത്തിൽ ടിപ്പുവിന്റെ സിംഹാസനവും ഉണ്ടായിരുന്നു. ഇത് വെട്ടി മുറിച്ചു പിന്നീട് ബ്രിട്ടണിലേക്ക് കടത്തി ഇതിന്റെ ഒരു ഭാഗമായ സ്വർണ കടുവകളിൽ ഒന്നാണ് ഇപ്പോൾ ലേലത്തിൽ വച്ചിരിക്കുന്നുത്.