കുട്ടനാട്:
കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും അതീവ ജാഗ്രതാ നിർദേശം. താഴ്‌നന് പ്രദേശങ്ങളിലെല്ലാം അതിരൂക്ഷമായ വെള്ളക്കെട്ടാണ്. കിഴക്കൻ വെള്ളത്തിന്റെ വരവ് പമ്പ, അച്ചൻകോവിൽ ആറുകളിൽ ജലനിരപ്പ് ഉയർത്തി. ഈ ആശങ്ക അപ്പർ കുട്ടനാടൻ മേഖലകളിലുണ്ട്.
ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും ശക്തമായ മഴയുണ്ടായിരുന്നു. കുട്ടനാട്ടിലെ വിവിധയിടങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടാണ്. കൈനകരി, പള്ളാത്തുരുത്തി, നെടുമുടി, കാവാലം, നിരേറ്റുപുറം, കിടങ്ങറ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.
ചെങ്ങന്നൂർ, മാവേലിക്കര മേഖലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എസി റോഡിൽ വെള്ളക്കെട്ടുണ്ട്. നിലവിൽ ഗതാഗത പൂർണമായും തടസപ്പെട്ടിട്ടില്ല. പ്രദേശത്തെ വീടുകളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്.
ആലപ്പുഴ ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. വീടുകളിലെല്ലാം പ്രാഥമിക കൃത്യങ്ങൾ പോലും നിർവഹിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. പാചകം പോലും നടക്കാത്ത സാഹചര്യത്തിൽ സർക്കാർ നേതൃത്വത്തിൽ ഭക്ഷണം എത്തിച്ചുകൊടുക്കുന്ന 15 ഗ്രുവൽ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്.
കുട്ടനാട്ടിൽ പുഞ്ചകൃഷി തുടങ്ങേണ്ട സമയം പിന്നിട്ട് കഴിഞ്ഞു. കൊയ്ത്ത് യ്ന്ത്രം പാടത്തേക്ക് ഇറക്കാൻ സാധിക്കാത്തതിനാൽ കൊയ്ത്ത് നടക്കുന്നില്ല. ഈ സാഹചര്യം തുടർന്നാൽ 2018 ലേതിന് സമാനമായ വിളനാശത്തിന്റെ കണക്കിലേക്ക് എത്തുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.