Mon. Dec 23rd, 2024
യുഎൻ:

യുഎൻ ആഭിമുഖ്യത്തിൽ നടന്ന സിഒപി26 കാലാവസ്ഥാ ഉച്ചകോടിയെ വിമർശിച്ച് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ്. കഴിഞ്ഞ ദിവസം ഗ്ലാസ്‌ഗോയിൽ സമാപിച്ച ഉച്ചകോടിയെ ‘ബ്ലാ, ബ്ലാ, ബ്ലാ’ എന്നാണ് അവർ വിശേഷിപ്പിച്ചത്.

ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ഗ്രെറ്റയുടെ പരിഹാസം കലർന്ന വിമർശനം. ‘സിഒപി26 സമാപിച്ചിരിക്കുന്നു. ചെറുസംഗ്രഹം പറയാം: ബ്ലാ, ബ്ലാ, ബ്ലാ..’ എന്നായിരുന്നു പരിഹാസം. ശരിക്കുമുള്ള പണി ഹാളുകൾക്ക് പുറത്ത് തുടരുകയാണെന്നും അത് നമ്മൾ ഒരിക്കലും ഉപേക്ഷിക്കാൻ പോകുന്നില്ലെന്നും ഗ്രെറ്റ വ്യക്തമാക്കി.

ഉച്ചകോടിക്കെതിരെ നേരത്തെയും ഗ്രെറ്റ വിമർശനമുന്നയിച്ചിരുന്നു. അടിയന്തരമായും സമൂലമായും അഭൂതപൂർവകമായും വാതകങ്ങളുടെ പുറന്തള്ളലിൽ കുറവ് വരുത്തുക എന്ന ലക്ഷ്യത്തിലെത്താനാകുന്നില്ലെങ്കിൽ കാലാവസ്ഥാ പ്രതിസന്ധിയുടെ കാര്യത്തിൽ നമ്മൾ പരാജയപ്പെടുകയാണെന്നാണർത്ഥമെന്ന് കഴിഞ്ഞ ദിവസവും അവർ പ്രതികരിച്ചിരുന്നു. ‘യഥാർത്ഥ പാതയിലുള്ള ചെറിയ ചുവടുവയ്പ്പുകൾ’, ‘ചെറിയ തോതിലുള്ള പുരോഗതി’, ‘പതുക്കെയുള്ള വിജയം’ എന്നൊക്കെപ്പറയുന്നത് പരാജയത്തിന് തുല്യമാണെന്നും അവർ ട്വീറ്റ് ചെയ്തു.