ന്യൂഡൽഹി:
പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രാജ്യത്തെ എല്ലാ ഭീകരവാദികളുടെയും രാഷ്ട്രീയ മാതാവാണെന്ന് ബി ജെ പി നേതാവ്. ഭാരതീയ ജനത യുവമോർച്ച പ്രസിഡന്‍റും ലോക്സഭാംഗവുമായ സൗമിത്ര ഖാനിൻറെതാണ് വിവാദ പരാമർശം. ബംഗാളിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ അധികാര പരിധി 15 കിലോമീറ്ററിൽ നിന്ന് 50 കിലോമീറ്ററായി വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയതിന് എതിരെ പ്രതികരിക്കുകയായിരുന്നു സൗമിത്ര ഖാൻ.
മമത ബാനർജിയുടെ വാക്കുകൾ ശ്രദ്ധിക്കരുതെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച ഖാൻ, ബംഗാളിനെ നശിപ്പിച്ചതുപോലെ രാജ്യത്തെയും തകർക്കാൻ ശ്രമിക്കുകയാണ് മമത ബാനർജിയെന്നും അറിയിച്ചു. മമത ബാനർജി ഇന്ത്യയെ ഒരു ധർമശാലയാക്കി മാറ്റാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു. ‘രാജ്യത്തെ എല്ലാ ഭീകരവാദികളുടെയും മാതാവാണ് മമത ബാനർജി. കാരണം പൗരത്വ ഭേദഗതി നിയമം പാർലമെന്‍റിൽ പാസാക്കിയപ്പോൾ അവർ എതിർത്തു.
പൗരൻമാർക്കായി ദേശീയ രജിസ്റ്റർ പാസാക്കി. അതിനെയും എതിർത്തു. കാരണം അവർക്ക് ഇന്ത്യയെ ധർമശാലയാക്കി മാറ്റണമായിരുന്നു. റോഹിങ്ക്യകൾ രാജ്യത്ത് പ്രവേശിച്ച് ആളുകളെ കൊല്ലുകയും സർക്കാറിന്‍റെ പണം കൊള്ളയടിക്കുകയും ചെയ്യുന്ന ഒരു ധർമശാലയാണോ ഇന്ത്യ?’ -ഖാൻ ചോദിച്ചു.
രാജ്യത്തിന്‍റെ അഖണ്ഡത ഇല്ലാതാക്കാനാണ് മമത ശ്രമിക്കുന്നതെന്നും സൗമിത്ര പറഞ്ഞു. ‘രാജ്യത്തിന്‍റെ അഖണ്ഡത ഇല്ലാതാക്കാൻ മമത ബാനർജി റോഹിങ്ക്യകളെ പിന്തുണക്കുന്നു. ബി എസ് എഫ് പരിധി 15 കിലോമീറ്ററിൽനിന്ന് 50 കിലോമീറ്ററായി ഉയർത്തുമ്പോൾ ഭീകരവാദികൾക്ക് ഇന്ത്യയിൽ പ്രവേശിക്കാൻ കഴിയില്ലെന്നതാണ് അവരെ അസ്വസ്ഥമാക്കുന്നത്. അതാണ് അവരുടെ രാഷ്ട്രീയമെന്നതിനാൽ അതിനെ അവർ എതിർക്കുന്നു’ -ഖാൻ പറഞ്ഞു.
‘രാജ്യത്തിന്‍റെ ഘടനയിൽ അവർ എപ്പോഴെങ്കിലും വിശ്വസിച്ചിട്ടുണ്ടോ? സംസ്ഥാനങ്ങളിലും വിശ്വാസമില്ല. നിയമസഭ നിയമക്രമങ്ങൾ അവർ പാലിക്കുന്നില്ല. രാജ്യത്തെ എതിർക്കുക മാത്രമാണ് അവരുടെ ജോലി’ -ബംഗാൾ നിയമസഭയിൽ പ്രമേയം പാസാക്കാനുള്ള എതിർപ്പ് അറിയിച്ച് ഖാൻ പറഞ്ഞു.