Mon. Dec 23rd, 2024

മുന്‍ ഇന്ത്യന്‍താരം വിവിഎസ് ലക്ഷ്മൺ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ(എന്‍ സി എ) പുതിയ തലവനായി നിയമിതനാകുമെന്ന് സൂചന‌. ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡിനെ കൊണ്ടുവന്നതിന് പിന്നാലെയാണ് എന്‍സിഎ തലപ്പത്തേക്ക് ലക്ഷ്മണിനേയും ബിസിസിഐ എത്തിക്കുന്നത്. നേരത്തെ രാഹുൽ ദ്രാവിഡായിരുന്നു നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി പ്രവർത്തിച്ചിരുന്നത്.

എന്നാൽ ദ്രാവിഡ് ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ചുമതലയേറ്റെടുത്തത് മുതൽ എൻ സി എ യിൽ അദ്ദേഹം വഹിച്ചിരുന്ന സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. ഈ സ്ഥാനത്തേക്കാണ് ലക്ഷ്മൺ എത്തുന്നത്. ഇന്ത്യ എയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിന് ശേഷമാവും ലക്ഷ്മണ്‍ ചുമതലയേല്‍ക്കുക.

രണ്ട് മാസം മുന്‍പ് എന്‍സിഎ തലപ്പത്തേക്ക് വരാനുള്ള ആവശ്യം ബിസിസിഐ മുന്‍പില്‍ വെച്ചപ്പോള്‍ ലക്ഷ്മണ്‍ നിരസിച്ചിരുന്നു.
ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ബിസിസിഐയുടെ ബാക്ക്അപ്പ് ഓപ്ഷനായിരുന്നു ലക്ഷ്മണ്‍. ദ്രാവിഡ് തയ്യാറായില്ല എങ്കില്‍ ലക്ഷ്മണിനെ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലക്ഷ്മണിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യത്തിൽ നിലവിൽ ബിസിസിഐ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഉടൻ തന്നെ അദ്ദേഹത്തെ എൻ സി എ തലവനായി അവർ പ്രഖ്യാപിക്കുമെന്നുമാണ് സൂചനകൾ. അതേസമയം, ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച കളികാരിലൊരാളായ ലക്ഷ്മൺ നിലവിൽ ഐപിഎൽ ടീമായ സൺ റൈസേഴ്സ് ഹൈദരാബാദിന്റെ മെന്ററാണ്. എന്നാൽ എൻ സി എ ഹെഡ് ആയി സ്ഥാനമേറ്റെടുക്കുന്നതിനാൽ ഹൈദരാബാദ് ഫ്രാഞ്ചൈസിക്കൊപ്പമുള്ള സേവനം അവസാനിപ്പിക്കാൻ അദ്ദേഹം നിർബന്ധിതനാകും. സൗരവ് ഗാംഗുലിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ലക്ഷ്മൺ എൻ സി എ തലപ്പത്തേക്ക് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ