Mon. Dec 23rd, 2024
തൃശൂർ:

കനത്ത മഴയും മഞ്ഞും വകവയ്‌ക്കാതെ ദുർഘട പാതകൾ താണ്ടി മന്ത്രി കെ രാധാകൃഷ്ണൻ അരേക്കാപ്പ് കോളനിയിലെത്തിയത് പുതിയ പ്രതീക്ഷയായി. ആദ്യമായി അരേക്കാപ്പ് പട്ടികവർഗ കോളനിയിലെത്തിയ ജനപ്രതിനിധിയായി മന്ത്രി കെ രാധാകൃഷ്ണൻ. തിരഞ്ഞെടുപ്പു കാലത്തുപോലും ഒരു ജനപ്രതിനിധിയും എത്താത്ത ഉൾക്കാടാണ് അരേക്കാപ്പ്.

മന്നാൻ, മുതുവാൻ വർഗത്തിൽപ്പെട്ട 43 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. ഓരോരുത്തർക്കും ഏഴുമുതൽ 12വരെ ഏക്കർ ഭൂമി വനാവകാശ നിയമപ്രകാരം പതിച്ചുനൽകിയതാണ്. ചെങ്കുത്തായ ഭൂപ്രകൃതിയാണെങ്കിലും കുരുമുളകും റബറും കമുകുമൊക്കെ സമൃദ്ധമായി വിളയുന്ന പ്രദേശമാണ്. മലഞ്ചെരുവുകളിൽ നിന്നും ഹോസിലൂടെ ജലം സുലഭമായി ലഭിക്കും.

യാത്രാസൗകര്യമില്ലാത്തതാണ്‌ ഇവരുടെ പ്രധാന പ്രശ്നം. ഇതിനായി കോളനിയെ മലക്കപ്പാറയുമായി ബന്ധിപ്പിക്കാൻ തൊഴിലുറപ്പ് പദ്ധതിയിൽ നിർമിക്കുന്ന റോഡിന്റെ രൂപീകരണ പ്രവൃത്തികൾക്ക് മന്ത്രി തുടക്കം കുറിച്ചു. കമ്യൂണിറ്റി ഹാൾ, മൊബൈൽ നെറ്റ് വർക്ക്, ചികിത്സാ സൗകര്യം ഇത്തരം പരിഹരിക്കേണ്ട മറ്റ് പ്രശ്നങ്ങളും പ്രദേശവാസികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

മുൻ വൈദ്യുതി മന്ത്രി എം എം മണിയുടെ കാലത്ത് സമ്പൂർണ വൈദ്യുതീകരണത്തിന്റെ ഗുണഫലമായി എല്ലാ വീട്ടിലും വൈദ്യുതിയെത്തിയ സന്തോഷം അവർ പങ്കുവച്ചു. രാവിലെ എട്ടരയോടെ അരേക്കാപ്പിലെത്തി ഓരോരുത്തരെയും കണ്ട് വൈകിട്ടാണ്‌ മന്ത്രിയും സംഘവും മടങ്ങിയത്. ഇതിനിടെ കപ്പയും കാച്ചിലും പുഴമീൻ കറിയും സ്നേഹത്തോടെ കോളനിക്കാർ വിളമ്പി.