Fri. Nov 22nd, 2024
കാഞ്ഞങ്ങാട്:

ഡോക്ടർ അവധിയിൽ പോയതോടെ ജില്ലാ ആശുപത്രിയിലെ കാൻസർ വാർഡ് അടച്ചു. ഇതോടെ രോഗികൾ ദുരിതത്തിലായി. വാർഡിൽ ചികിത്സയിൽ ഉണ്ടായിരുന്ന രോഗികളെ മറ്റു വാർഡുകളിലേക്ക് മാറ്റി.

ഡോക്ടർ അവധിയിൽ പോകുന്നതിന് മുന്നോടിയായി രോഗികളെ കൂട്ടമായി ഡിസ്ചാർജ് ചെയ്തതായും പരാതിയുണ്ട്. സംഭവം അറിഞ്ഞതോടെ ഇ ചന്ദ്രശേഖരൻ എംഎൽഎ ഇടപെട്ടു. ഉടൻ തന്നെ മന്ത്രിയെ വിളിച്ച് വിവരം ധരിപ്പിച്ചു.

പാലിയേറ്റീവ് ചികിത്സയിൽ കഴിയുന്നവരെ ആണ് ആശുപത്രിയിലെ വിവിധ വാർഡുകളിലേക്ക് മാറ്റിയത്. ഇതിൽ പലരും ശുചിമുറിയിൽ അടക്കം നടന്നു പോകാൻ കഴിയാത്തവരാണ്. അരയിയിലെ മാധവിയെന്ന രോഗിയെ എംഎസ് വാർഡിലേക്ക് ആണ് മാറ്റിയത്. ഇവിടെ ശുചിമുറി സൗകര്യം പോലും കുറവാണ്.

അടിയന്തര ആവശ്യത്തിന്റെ ഭാഗമായാണ് ഡോക്ടർ 3 ദിവസത്തെ അവധിയിൽ പോയതെന്ന് ജില്ലാ ആശുപത്രി ആർഎംഒ ശ്രീജിത്ത് മോഹൻ പറഞ്ഞു. ഡോക്ടർ അവധിയിൽ പോയത് കൊണ്ടാണ് രോഗികളെ മറ്റു വാർഡുകളിലേക്ക് മാറ്റിയതെന്ന് ഇദ്ദേഹം പറഞ്ഞു. ജില്ലാ ആശുപത്രിയിൽ നിലവിൽ ഒരു ഓങ്കോളജിസ്റ്റ് മാത്രമാണ് ഉള്ളത്.

ഇദ്ദേഹം അവധിയിൽ പോയാൽ മറ്റു സൗകര്യങ്ങൾ ഏർപ്പെടുത്താൻ അധികൃതർക്ക് കഴിയാത്ത സ്ഥിതിയാണ്. ഇത് രോഗികൾക്ക് ഉണ്ടാക്കുന്ന ദുരിതം ചെറുതല്ല. ഇന്നലെ മാത്രം ഡോക്ടറെ കാണാനാകാതെ ഒട്ടേറെ പേരാണ് തിരിച്ചു പോയത്.