പന്തളം:
നല്ലൊരു മഴ പെയ്താൽ വെള്ളത്താൽ ചുറ്റപ്പെട്ട് ദുരിതജീവിതം താണ്ടി ചേരിക്കൽ പുതുമന നിവാസികൾ. 2018 പ്രളയം മുതൽ തുടങ്ങിയതാണ് ഈ തീരാത്ത കഷ്ടപ്പാട്. നഗരസഭയിലെ 33-ാം വാർഡിന്റെ പടിഞ്ഞാറ് അതിർത്തിയിലാണ് പുതുമന.
18 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. കരിങ്ങാലി പാടശേഖരത്താൽ ചുറ്റപ്പെട്ടതാണ് ഈ പ്രദേശം. ഭൂരിപക്ഷം പേരും സാധാരണ കുടുംബങ്ങളാണ്.
പശു, ആട്, കോഴി എന്നിവയെ വളർത്തി ഉപജീവനം കഴിക്കുന്നവരാണ് അധികവും. ഇത് കാരണം വെള്ളം കയറുമ്പോൾ പെട്ടെന്ന് ഇവിടം വിട്ടുപോകാനാവാത്ത സ്ഥിതിയുമാണ്. ഈ സമയങ്ങളിൽ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങും. ആർക്കും ജോലിക്ക് പോകാനാവാത്ത സ്ഥിതിയുമാകും.
ആവർത്തിച്ചു വെള്ളം കയറുന്നത് കാരണം വീടിനും വയറിങ്ങിനും കേടുപാടുണ്ടാകുന്നതും പതിവാണ്. ഒക്ടോബർ അവസാനമുണ്ടായ വെള്ളപ്പൊക്കത്തിലും ഇത് തന്നെയായിരുന്നു സ്ഥിതി. പുതുമനയിലെ ഏറ്റവും ഉയർന്ന ഭാഗത്തെ വീട്ടിലേക്ക് മാറിയ കുടുംബമൊഴികെ എല്ലാവർക്കും ക്യാംപിലേക്ക് മാറേണ്ടി വന്നു. അന്നുണ്ടായ നാശനഷ്ടങ്ങളുടെ ബാധ്യത ഇനിയും തീർന്നിട്ടില്ലെന്നു പുതുമന നിവാസികൾ പറയുന്നു.
പത്തോളം കിണറുകൾ ചെളിവെള്ളം കയറി ഉപയോഗശൂന്യമായിരുന്നു. ഇതു കൂടാതെ, പുതുമന നിവാസിയായ വത്സലയുടെ കിണർ മരം വീണു തകർന്നു. സോമന്റെ ഷീറ്റ് പാകിയ വീടും തകർന്നിരുന്നു. ഇവിടേക്കുള്ള റോഡ് മണ്ണിട്ട് ഉയർത്തി പുനർനിർമിക്കുകയോ മഴക്കാലത്ത് കടത്തുവള്ളം അനുവദിക്കുകയോ ചെയ്യണമെന്നാണ് പുതുമനക്കാരുടെ ആവശ്യം.