പത്തനംതിട്ട:
മൈക്ക് ടെസ്റ്റിങ് എന്ന് നിരന്തരം നാം കേട്ടിരുന്ന ശബ്ദം നിലച്ച കാലമായിരുന്നു രണ്ടു വര്‍ഷത്തെ കൊവിഡ് മഹാമാരിക്കാലം. സാമൂഹ്യ അകലം പാലിച്ച് വിവിധ മേഖലകള്‍ ഒന്നൊന്നായി തുറന്നു വരുമ്പോഴും ദുരിതം ഒഴിയാത്ത വിഭാഗമാണ് സൗണ്ട് സിസ്റ്റം കൈകാര്യം ചെയ്യുന്നവര്‍ . പൊതു പരിപാടികള്‍ ഏതാണ്ട് എല്ലാം നിലച്ച കാലത്തിനു ശേഷം ഇടയ്ക്ക് ഒന്ന് ഉണര്‍ന്നു വരുന്നു എന്ന തോന്നല്‍ ഉണ്ടായെങ്കിലും ഇടക്കാലത്ത് എല്ലാ അടച്ചിടേണ്ട അവസ്ഥയായി.
പിന്നീട് കൊവിഡ് ഭീതി കുറഞ്ഞപ്പോള്‍ ഇന്ധനവില വര്‍ദ്ധന ഈ മേഖലയിലെ പ്രവര്‍ത്തനങ്ങളെ വീണ്ടും താളം തെറ്റിക്കുന്നു. വന്‍കിടക്കാര്‍ പോലും ഇന്ധനവില വര്‍ദ്ധനവില്‍ പ്രവര്‍ത്തനം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് വ്യക്തതയില്ലാത്ത നിലയിലാണ്. ജനറേറ്റര്‍ ഒഴിച്ചുകൂടാനാവാത്ത ഈ മേഖലയില്‍ അത് പ്രവര്‍ത്തിപ്പിക്കാന്‍ ഒരു തരത്തിലും സാധിക്കാത്ത നിലയാണെന്ന് ഈ രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന മൈലപ്രയിലെ വലിയപറമ്പില്‍ സൗണ്ട്സ് ഉടമ മനോജ് പറഞ്ഞു.
25 മുതല്‍ 125 കിലോ വാട്ട്സിന്‍റെ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നിലവിലെ ഇന്ധനവില അനുസരിച്ച് രണ്ടു വര്‍ഷം മുമ്പ് മുടക്കിയതിന്‍റെ ഇരട്ടിയിലേറെ തുക വേണം. 125 കിലോവാട്ടിന്‍രെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അയ്യായിരം രൂപയാണ് ദിവസ വാടക. എന്നാല്‍ അതിലേറെ രൂപ വേണം ഡീസലിന്. ഉപഭോക്താക്കളില്‍ നിന്ന് അധിക തുക ഈടാക്കിയാല്‍ ഉള്ള അവസരവും ഇല്ലാതാകും.
ഒരു കോടിയിലേറെ രൂപ മുതല്‍മുടക്കിയാണ് ഉപകരണങ്ങള്‍ വാങ്ങിയത്. പലതും ബാങ്ക് വായ്പയെടുത്തുമാണ്. ഒന്നും തിരിച്ചടയ്ക്കാനും പറ്റാത്ത അവസ്ഥ. ഇലക്ടോണിക്ക് ഉപകരണങ്ങളായതിനാല്‍ ആഴ്ചയിലൊരിക്കലെങ്കിലും യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കണം. അതിനും ഇന്ധനം കൂടിയേ തീരു.
കേന്ദ്രസര്‍ക്കാരാകട്ടെ ദിവസവും ഇന്ധനവില വര്‍ദ്ധിപ്പിക്കുന്ന മത്സരത്തിലും. പൊതു പരിപാടികള്‍ മെല്ലെ തുടങ്ങിയാലും താങ്ങാനാകാത്ത ഇന്ധനവിലയില്‍ പ്രത്തിപ്പിക്കാന്‍ പ്രയാസമാണ്. ഈ മേഖലയെ ആശ്രയിച്ച് ആയിരക്കണക്കിനാളുകളാണ് ജോലി ചെയ്തിരുന്നത്.എല്ലാവര്‍ക്കും ഇരുട്ടടിയായി മാറുകയാണ് ദിനംപ്രതിയെന്നോണം വര്‍ദ്ധിപ്പിക്കുന്ന ഇന്ധനവില.