കെബെമർ:
കാലാവസ്ഥ വ്യതിയാനം മൂലം നിരങ്ങിനീങ്ങുന്ന സഹാറ മരുഭൂമിക്ക് പച്ചപ്പിൻ്റെ തടയണയൊരുക്കാൻ ആഫ്രിക്കൻ രാജ്യങ്ങൾ. 5000 മൈൽ ദൂരം മരങ്ങൾ നട്ടുപിടിപ്പിക്കാനാണ് തീരുമാനം. ആഫ്രിക്കയുടെ പടിഞ്ഞാറുള്ള സെനഗൽ മുതൽ കിഴക്ക് ജിബൂതി വരെയുള്ള സഹേൽ മേഖലയിൽ 2030ഓടെ മരങ്ങളാൽ സുരക്ഷിത ഭിത്തി പണിയാൻ 2007ലാണ് ഗ്രേറ്റ് ഗ്രീൻ വാൾ എന്ന പദ്ധതിയാരംഭിച്ചത്.
എന്നാൽ, ചൂട് കൂടുകയും മഴയുടെ ലഭ്യത കുറയുകയും ചെയ്തതോടെ നട്ടുപിടിപ്പിച്ച ലക്ഷക്കണക്കിന് മരത്തൈകൾ കരിഞ്ഞുണങ്ങി. ചെറിയ രീതിയിലാണെങ്കിലും അവിടം വീണ്ടും പച്ചപുതപ്പിക്കാനുള്ള ശ്രമത്തിലാണ് ആഫ്രിക്കൻ രാജ്യങ്ങൾ.
ഗ്രേറ്റ് ഗ്രീൻ വാളിൻ്റെ ലക്ഷ്യത്തിൻ്റെ നാലുശതമാനത്തിലെത്താൻ മാത്രമേ സാധിച്ചിട്ടുള്ളൂ. ലക്ഷ്യം കൈവരിക്കാൻ 4300കോടി ഡോളർ എങ്കിലും വേണ്ടിവരും. സഹേൽ മേഖലയിലെ പരിസ്ഥിതിയെ പുനർനിർമിക്കാനാണ് ലക്ഷ്യമിടുന്നത്.