Mon. Dec 23rd, 2024
പയ്യന്നൂർ:

1928ൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ കോൺഗ്രസ് സമ്മേളനം നടന്ന പയ്യന്നൂരിലെ മൈതാനം ഇപ്പോൾ തൊണ്ടി വാഹനങ്ങളുടെ ശവപ്പറമ്പ്. നെഹ്റു മൈതാനം പൊലീസ് മൈതാനമായി മാറിയപ്പോഴാണു തൊണ്ടി വാഹനങ്ങൾ ഇവിടെ കൂട്ടിയിടാൻ തുടങ്ങിയത്. പൊലീസ് സ്‌റ്റേഷനു സമീപമുള്ള വിശാലമായ മൈതാനിയിലായിരുന്നു കോൺഗ്രസ് സമ്മേളനം നടന്നത്.

കേരളത്തിലെ പ്രമുഖരായ സ്വാതന്ത്ര്യ സമര സേനാനികളെല്ലാം പങ്കെടുത്ത സമ്മേളനം. നെഹ്റു അധ്യക്ഷത വഹിച്ച സമ്മേളനം സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സമ്മേളനം നടന്ന മൈതാനത്തെ നെഹ്റു മൈതാനമെന്നായിരുന്നു പഴയ തലമുറ വിളിച്ചിരുന്നത്.

മൈതാനം പൊലീസ് വകുപ്പിനു ലഭിച്ചതോടെ അതു പൊലീസ് മൈതാനമായി മാറി. ഇതിന്റെ ഒരു ഭാഗത്തു പൊലീസ് ക്വാർട്ടേഴ്സും മറുഭാഗത്തു പൊലീസ് സ്റ്റേഷനുകളും ഉയർന്നു. മണൽ വേട്ട ശക്തമാക്കിയ കാലത്തു പൊലീസ് പിടിച്ചെടുത്ത മണൽവാഹനങ്ങൾ തൊണ്ടിമുതലായി സൂക്ഷിക്കാൻ പൊലീസ് കണ്ടെത്തിയത് സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഈ മൈതാനമാണ്.

10 വർഷത്തിലധികമായി മൈതാനം ഈ അവസ്ഥയിലായിട്ട്. എല്ലാ സ്‌റ്റേഷനിലെയും വാഹനങ്ങൾ ഒരു സ്ഥലത്തേക്കു മാറ്റാൻ ജില്ലാ പൊലീസ് തീരുമാനിച്ചിരുന്നു. അതിനിടയിലാണ് തുരുമ്പെടുത്ത് നശിക്കുന്ന, ഉടമസ്ഥർ പിഴയടച്ച് ഏറ്റുവാങ്ങാത്ത വാഹനങ്ങൾ ലേലം ചെയ്ത് വിൽക്കാനുള്ള അനുമതി കോടതി നൽകിയത്. 2 വർഷം മുൻപ് നടപടി പൂർത്തീകരിച്ചു നീക്കം ചെയ്യേണ്ട വാഹനങ്ങളിൽ ഭൂരിഭാഗവും മാറ്റിയിട്ടില്ല.

കോൺഗ്രസ് സമ്മേളനത്തിന്റെ ജൂബിലി ആഘോഷത്തിൽ കോൺഗ്രസ് നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന എ കെ ആന്റണി ഈ മൈതാനം നെഹ്റു മൈതാനമായി സംരക്ഷിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. അതിനുശേഷമാണ് കായിക താരങ്ങൾക്കു പ്രവേശന വിലക്ക് ഏർപ്പെടുത്തി മൈതാനം ചുറ്റുമതിൽ കെട്ടി തൊണ്ടിമുതലുകളായ തുരുമ്പെടുത്ത വാഹനങ്ങളുടെ ശവപ്പറമ്പാക്കി മാറ്റിയത്. മൈതാനത്തിന്റെ ഒരു ഭാഗത്ത് ചെറിയ കെട്ടിടം പണിത് പൊലീസ് നായയുടെ സംരക്ഷണ കേന്ദ്രമാക്കിയും മാറ്റിയിട്ടുണ്ട്.